
പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി 10 നാൾ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ മനസ് എങ്ങനെ...
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്ന തിരുവല്ല മണ്ഡലം പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാക്കാലത്തും വലത്തേക്കു തിരിയും. ഇക്കുറി ആ ചരിത്രം ആവർത്തിക്കുമോ, തിരുത്തുമോ എന്നു കാണാൻ പോവുകയാണ്. നിയമസഭാ മണ്ഡലം രൂപവത്കരിച്ച 1957ൽ സി.പി.ഐ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു. പിന്നീട് വലത്തോട്ടും ഇടത്തോട്ടും മണ്ഡലമനസ് സഞ്ചരിച്ചു. 2006 മുതൽ നിയമസഭയിൽ ഇടതുനേതാവ് മാത്യു ടി തോമസാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇതിനിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വലതുപക്ഷത്തിനായിരുന്നു മണ്ഡലത്തിന്റെ പിന്തുണ. 2009ൽ 15,489 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് നൽകിയത്. ജനസംഖ്യയിലെ കുറവിനെ തുടർന്ന് 2011ൽ ഇല്ലാതായ കല്ലൂപ്പാറ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ തിരുവല്ലയിലേക്ക് കൂട്ടിച്ചേർത്തു. 2014 പാർലമെന്റ് തിരഞ്ഞെടുപ്പിൽ 13,271 വോട്ടിന്റെ ഭൂരിപക്ഷം ആന്റോ ആന്റണിക്ക് നൽകി. 2019ൽ അത് 3739 ആയി കുറഞ്ഞു.
കർഷകരും പ്രവാസികളും
നെല്ല്, റബർ കർഷകരും പ്രവാസികളുമാണ് വോട്ടർമാരിൽ കൂടുതലും. റബറിന്റെ വിലയിടിവ്, ഗൾഫ് മേഖലയിൽ തൊഴിലവസരം കുറഞ്ഞതോടെയുളള മടങ്ങിവരവ്, നെൽകൃഷിയുടെ പ്രതിസന്ധി, ശുദ്ധജലക്ഷാമം, വന്യമൃഗശല്യം എന്നിവ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. അപ്പർകുട്ടനാടും മല്ലപ്പളളി ഉൾപ്പെടുന്ന മലയോര മേഖലയും ചേർന്നതാണ് മണ്ഡലം. തിരുവല്ല നഗരസഭയും കുറ്റൂർ, കവിയൂർ, പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ മല്ലപ്പളളി, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തിരുവല്ല മണ്ഡലം.
ആകെ വോട്ടർമാർ : 2,12,440
സ്ത്രീകൾ : 1,11,533
പുരുഷൻ : 1,00,906
ട്രാൻസ്‌ജെൻഡർ : 1
മുൻ എം.എൽ.എമാർ
1957 ജി.പദ്മനാഭൻ തമ്പി (സി.പി.ഐ)
1960 പി.ചാക്കോ (കോൺ.)
1967, 70, 77 ഇ.ജോൺ ജേക്കബ് (കേ.കോൺ.)
19780 പി.സി.തോമസ് (ജനത)
1982 പി.സി.തോമസ് (സ്വത.)
1987 മാത്യു ടി.തോമസ് (ജനത)
1991, 96, 2001മാമ്മൻ മത്തായി (കേ.കോൺ.എം.)
2003 (ഉപതിരഞ്ഞെടുപ്പ്) എലിസബത്ത് മാമ്മൻ മത്തായി (കേ.കോൺ.എം.)
2006, 2011, 2016, 2021 മാത്യു ടി.തോമസ് (ജെ.ഡി.എസ്)
വോട്ടുനില
2009 ലോക് സഭ
ആന്റോ ആന്റണി (യു.ഡി.എഫ്) : 58252
കെ.അനന്തഗോപൻ (എൽ.ഡി.എഫ്) : 42763
ബി.രാധാകൃഷ്ണമേനോൻ (ബി.ജെ.പി) : 8342
യു.ഡി.എഫ്. ലീഡ് : 15,489
2014 ലോക്‌സഭ
ആന്റോ ആന്റണി (യു.ഡി.എഫ്) : 55701
പീലിപ്പോസ് തോമസ് (എൽ.ഡി.എഫ് സ്വതന്ത്രൻ) : 42420
എം.ടി.രമേശ് (ബി.ജെ.പി) : 19526
യു.ഡി.എഫ് ലീഡ് : 13281
2019 ലോക് സഭ
ആന്റോ ആന്റണി (യു.ഡി.എഫ്) : 54250
വീണാ ജോർജ് (എൽ.ഡി.എഫ്) : 50511
കെ.സുരേന്ദ്രൻ (എൻ.ഡി.എ) : 40186
യു.ഡി.എഫ് ലീഡ് : 3739
2016 നിയമസഭ
മാത്യു ടി.തോമസ് (എൽ.ഡി.എഫ്) : 59660
ജോസഫ് എം.പുതുശ്ശേരി (യു.ഡി.എഫ്) : 51398
അക്കീരമൺ ഭട്ടതിരിപ്പാട് (എൻ.ഡി.എ) : 31439
ഭൂരിപക്ഷം : 8262
2021 നിയമസഭ
മാത്യു ടി.തോമസ് (എൽ.ഡി.എഫ്) : 62178
കുഞ്ഞുകോശി പോൾ (യു.ഡി.എഫ്) : 50757
അശോകൻ കുളനട (ബി.ജെ.പി) : 22674
ഭൂരിപക്ഷം : 11421
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം
യു.ഡി.എഫ് : തിരുവല്ല (നഗരസഭ), മല്ലപ്പളളി, ആനിക്കാട്, കല്ലൂപ്പാറ, കടപ്ര, പുറമറ്റം പഞ്ചായത്തുകൾ. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.
എൽ.ഡി.എഫ്: നെടുമ്പ്രം, നിരണം, പെരിങ്ങര, കുറ്റൂർ, കുന്നന്താനം പഞ്ചായത്തുകൾ. പുളിക്കീഴ് ബ്ളോക്ക്, മല്ലപ്പളളി, ആനിക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ.
ബി.ജെ.പി : കവിയൂർ പഞ്ചായത്ത്.