തുമ്പമൺ : ചക്കിട്ടിടത്ത് മുക്കിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു. ആർക്കും പരിക്കില്ല. പന്തളത്ത് നിന്ന് തുമ്പമൺ ഭാഗത്തേക്ക്‌ വന്ന കുളനട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റ് ഒടിഞ്ഞുവീണു. അടുത്ത വീട്ടിലെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. കാറിന്റെ മുൻഭാഗം തകർന്നു. പോസ്റ്റിൽ നിന്നുള്ള സ്റ്റേ വയറിലേക്ക് തട്ടാതെ പെട്ടെന്ന് ഒഴിച്ചുമാറ്റിയപ്പോഴാണ് കാറിന് നിയന്ത്രണംവിട്ടതെന്ന് കാർ ഓടിച്ച തുമ്പമൺ പഞ്ചായത്തിലെ ഹെഡ് ക്ലർക്കായ ഷീജ പറഞ്ഞു. സൗദിയിൽ നിന്ന് അവധിക്കുവന്ന ഭർത്താവ് അബുവിനെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 100 മീറ്റർ ദൂരെയുള്ള ട്രാൻസ്‌ഫോർമർ കത്തിയെങ്കിലും അപകടം ഒഴിവായി.