road-
കോണ്ക്രീറ്റ് മിക്സിംഗ് വാഹനം വഴിയരികിൽ ബുദ്ദിമുട്ടുണ്ടാക്കുംവിധം പാർക്ക് ചെയ്തിരിക്കുന്നു

റാന്നി : അത്തിക്കയം - കടുമീൻചിറ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കരാർ കമ്പനിയുടെ കോൺക്രീറ്റ് മിക്സിംഗ് വാഹനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. റോഡ് കോൺക്രീറ്റ് ചെയ്ത ശേഷം മാസങ്ങളായി വാഹനം ഇതേ സ്ഥലത്തു പാർക്ക് ചെയ്ത് ശേഷം കരാർ കമ്പനി മറ്റു സ്ഥലങ്ങളിൽ ജോലികൾ ചെയ്തു വരികയാണ്. റോഡിനു ഒരു വശം ഓട ആയതിനാൽ വലിയ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇവിടം കടന്നു പോകുന്നത്. വാഹനം പാർക്ക് ചെയ്യാൻ ഇതേ റോഡിൽ വീതിയുള്ള സ്ഥലങ്ങൾ ഉണ്ടായിട്ടും വാഹനം മാറ്റിയിടാത്തതിൽ നാട്ടുകാരുടെ ഇടയിൽ അമർഷം ഉണ്ടായിട്ടുണ്ട്. വാഹനം മാറ്റുന്നതിനായി കരാർ കമ്പനിയെ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി പണികൾ ആരംഭിച്ച ഇതേ റോഡിലെ അത്തിക്കയം - കൊച്ചുപാലത്തിന്റെ പണികൾ മാത്രമാണ് ഇനിയും ബാക്കിയുള്ളത്. സർക്കാറിന്റെ ഭാഗത്തുനിന്നും പാർട്ട് ബില്ല് മാറി കിട്ടുന്ന മുറയ്ക്കാകും ബാക്കി പണികൾ ആരംഭിക്കുക. കാലപ്പഴക്കം ചെന്ന പാലം പൊളിച്ചു പുതിയത് നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ വേനൽക്കാലം കഴിഞ്ഞാലും പണികൾ ആരംഭിക്കാൻ കഴിയുമോ എന്നതിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. പാലവും അതിനോട് ചേർന്നുള്ള അപ്പ്രോച് റോഡുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. കൂടാതെ നിലവിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗത്തു വലിയ കട്ടിംഗ് രൂപപെട്ടതിനാൽ വാഹനങ്ങൾ കയറി ഇറങ്ങുന്നതിനു പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടു ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ വീണിരുന്നു. നിർമ്മാണം ആരംഭിച്ചിട്ട് രണ്ടു വർഷത്തോളമായിട്ടും റോഡിന്റെ പണി പൂർത്തിയായിട്ടില്ല. മഴക്കാലം എത്തും മുമ്പ് ബാക്കി പണികൾ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.