panni

അടൂർ : കൃഷിയിടത്തിൽവച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജന് (58) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30ന് പെരിങ്ങനാട് പുത്തൻചന്തയിലുള്ള കൃഷിയിടത്തിലാണ് സംഭവം. കപ്പയ്ക്ക് മണ്ണ് വെട്ടിയിടുകയായിരുന്ന രാജൻ വെള്ളം കുടിക്കാനായി കരയ്ക്ക് കയറിയപ്പോൾ പാഞ്ഞുവന്ന പന്നി കുത്തുകയായിരുന്നു. പരിക്കേറ്റ രാജൻ സമീപത്തുള്ള ബന്ധുവീട്ടിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. വലതു കൈമുട്ടിനും വയറിനും പരിക്കേറ്റു. വിദഗ്ദ്ധ പരിശോധനയിൽ രാജന്റെ കുടലിന് പരിക്കുള്ളതായി തെളിഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയും നടത്തേണ്ടിവന്നു.