ഇലവുംതിട്ട : ഗുരുവന്ദന ശേഷം രാമൻചിറ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് അമ്പലമുറ്റത്ത് പള്ളിവികാരിയും മേൽശാന്തിയും തിരിതെളിച്ചു.വിഷുപ്പുലരിയിലെ പരസ്പമുള്ള കൈനീട്ടം നൽകലും നവ്യാനുഭവമായി. ക്ഷേത്രവും മലങ്കര കത്തോലിക്ക ദേവാലയവും ശീനാരായണ ഗുരുമന്ദിരവും അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രാമൻചിറയിൽ ഗുരുമന്ദിരത്തിന് മുന്നിൽ നിന്ന് 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ഗുരുവചനം ഉരുവിട്ടുകൊണ്ട് ഗുരുവന്ദനവും നടത്തിയ ശേഷമാണ് പള്ളിവികാരി ജോർജ് പുത്തൻവിളയും ക്ഷേത്ര മേൽശാന്തി പ്രസന്നകുമാറും ക്ഷേത്ര ശ്രീകോവിലിന് മുന്നിലെത്തി നിലവിളക്കിൽ തിരിതെളിച്ച് ഉത്സവാഘോഷങ്ങൾക്ക് തുടക്കമിട്ടത്. വിഷുക്കണിയും വിഷുസദ്യയുമൊരുക്കിയിരുന്നു. ഇന്നലെ തന്ത്രി പരമേശ്വരൻ പോറ്റി ആറ്റുപുറം കൊടിയേറ്റ് നിർവഹിച്ചു. സപ്താഹ യജ്ഞത്തോടൊപ്പമുള്ള ഉത്സവ പരിപാടിയുടെ ഭാഗമായി 20 ന് രാത്രി 9 ന് നാടകവും,22 ന് വൈകിട്ട് 4 ന് ആറാട്ടുഘോഷയാത്രയും രാത്രി 9.30 ന് ഗാനമേളയും നടക്കും. ദിലീപ് സതീഷ് (പ്രസിഡന്റ് ), ലക്കിലാൽ (സെക്രട്ടറി ), പ്രതീഷ് (ഖജാൻജി )എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.