കടമ്മനിട്ട: പടേനി ഗ്രാമത്തിലെ മ്യൂസിയം ഇന്ന് വൈകിട്ട് 7.30ന് പടേനി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്യും. സംസ്കരിച്ചെടുത്ത പാളയിൽ പടേനിയിലെ പ്രധാന വേഷങ്ങൾ കോർത്തിണക്കി രൂപപ്പെടുത്തിയ കോലങ്ങളും ചിത്രങ്ങളും ചേർത്ത് പടേനി അന്തരീക്ഷം നിലനിറുത്തിയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഒരു വർഷമായി കടമ്മനിട്ട ഗോത്ര കലാകളരിയുടെ കലാകാരൻമാർ ഇതിനായി പ്രവർത്തിക്കുകയാണ്. അരവിന്ദാക്ഷൻപിള്ള, കെ.ആർ. രഞ്ജിത്ത്, രാജേഷ്, ശ്രീക്കുട്ടൻ നായർ, പ്രസാദ്, മുത്ത്, രതീഷ് പണിക്കർ, അനീഷ് തുടങ്ങിയവരുടെ കരവിരുതിലാണ് പടേനി മ്യൂസിയം തയാറാക്കിയത്. പടേനി ഗ്രാമം രക്ഷാധികാരി വി.കെ പുരുഷോത്തമൻപിള്ള, പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, സെക്രട്ടറി പ്രസന്നകുമാർ, ഡി.രഘുകുമാർ, കടമ്മനിട്ട ഭഗവതി ക്ഷേത്രം ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.