padam
വിളവെടുക്കാൻ കഴിയാതെ കിടക്കുന്ന ചെറിയനാട് പെരുംപ പാടശേഖരം

ചെങ്ങന്നൂർ: കനത്ത വേനൽമഴയിൽ പി.ഐ.പി മെയിൻ കനാലിലെ ചോർച്ചയും കാരണം ചെറിയനാട് പെരുംപാടശേഖരത്ത് കർഷകർ വിളവെടുക്കാൻ കഴിയുന്നില്ല. പാടശേഖര സമിതി ഭാരവാഹികൾ പി.ഐ.പി ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കനാലിൽ കൂടിയുള്ള നീരൊഴുക്ക് താല്ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. എന്നാൽ അപ്രതീക്ഷിതമായി പൈയ്ത വേനൽമഴയിൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കൊയ്തെടുക്കാൻ ബുദ്ധിമുട്ടുകയാണ് കർഷകർ. കുട്ടനാട്ടിൽ നിന്ന് കൊയ്ത്തിനായി കൊണ്ടുവന്ന രണ്ട് കൊയ്ത്തുമെതി യന്ത്രങ്ങൾ മഴ പെയ്തതോടെ വെള്ളക്കെട്ടിൽ കുടുങ്ങുകയും ചെയ്തു. പാടശേഖരത്തിന് സമീപത്തുള്ള പാറാത്ത പള്ളി പെരുംപ , കായലോടി തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ട് കിടക്കുകയാണ്. തോട് നികന്നതാണ് വെള്ളം ഒഴുകി പോവാത്തതിന് കാരണം. കഴിഞ്ഞ വർഷം കൃഷിമന്ത്രിയുടെ നിർദ്ദേശ പ്രകാരം പാടശേഖരത്തിന്റെ പുനരുദ്ധാരണത്തിനായി നബാർഡിൽ സമർപ്പിക്കാൻ കൃഷി ഡിപ്പാർട്ട്മെന്റ് തയാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തതും കൃഷിക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.