
പത്തനംതിട്ട : ആദിവാസി മൂപ്പന്റെ അനുഗ്രഹം വാങ്ങി വനവാസി സമൂഹത്തിന്റെ വോട്ടുതേടി എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി നിലയ്ക്കൽ അട്ടത്തോട് ആദിവാസി ഗിരിജൻ കോളനിയിൽ സന്ദർശനം നടത്തി. റാന്നി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായാണ് സ്ഥാനാർത്ഥി ഗിരിവർഗ്ഗ മേഖലയിൽ എത്തിയത്. പര്യടനം ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും അട്ടത്തോട് കോളനിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും അവർ സ്ഥാനാർത്ഥിയോടെ പങ്കുവെച്ചു. ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു പ്രമോദുമായും അനിൽ ആന്റണി ചർച്ച നടത്തി. തുടർന്ന് തുലാപ്പള്ളി, കൊല്ലമുള, ചാത്തൻതറ, വെച്ചൂച്ചിറ, കുന്നം മണ്ണടിശാല, പരുവ എന്നിവിടങ്ങളിലൂടെ പര്യടനം രാത്രി ഇട്ടിയപ്പാറയിൽ സമാപിച്ചു.