മല്ലപ്പള്ളി : കെ.എസ്ഇ.ബി വായ്പൂര് സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി ഓവർസിയറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംയുക്ത സംഘടന പ്രകടനവും, പ്രതിഷേധ യോഗവും നടത്തി. ജീവനക്കാരെ ആക്രമിക്കുന്നത് അന്യായവും മനുഷ്യത്വരഹിതമാണെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്തിലെങ്കിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജീവനക്കാർ പ്രതിഷേധ യോഗത്തിൽ അറിയിച്ചു. പ്രതിഷേധ യോഗം സി.ഐ.ടി.യു മല്ലപ്പള്ളി ഏരിയ ജോ.സെക്രട്ടറി കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. എം.എൻ.മധു അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ എസ്.പ്രകാശ്,ബൈജു, ബാബുരാജ്, ജയകുമാർ, ജിഷു പീറ്റർ, ജയപ്രമോദ്, അബ്ദുൽസലാം എന്നിവർ പ്രസംഗിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ രജിസ്റ്ററിൽ ഒപ്പുവയ്ക്കാതെ അവശ്യസർവീസുകൾ മാത്രം ചെയ്താണ് വായ്പൂര് സെക്ഷൻ ഓഫീസിലെ ജീവനക്കാർ പ്രതിഷേധം അറിയിച്ചത്. എഴുമറ്റൂർ സ്വദേശികളായ മൂന്നുപേർക്കെതിരെയും വായ്പൂര് ഊട്ടുകുളം സ്വദേശിയായ ഒരാളും ഉൾപ്പെടെ നാലു പേർക്ക് എതിരെയാണ് പെരുമ്പെട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്. ഒളിവിലായ പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കി.