
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇ.വി.എമ്മിന്റെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മിഷനിംഗ് ഇന്ന് നടത്തുമെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പർ വയ്ക്കുന്നത് ഈ ഘട്ടത്തിലാണ്. അതത് വിതരണകേന്ദ്രങ്ങളിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് നടപടിക്രമം പൂർത്തിയാക്കുക. കമ്മിഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കും. കൺട്രോൾ യൂണിറ്റിൽ സ്ഥാനാർത്ഥികളെ സെറ്റ് ചെയ്യും. ബാലറ്റ് യൂണിറ്റിൽ ബാലറ്റ് പേപ്പർ സെറ്റ് ചെയ്യും. കൺട്രോൾ യൂണിറ്റിലും വിവിപാറ്റിലും ബാറ്ററി സജ്ജമാക്കും. കമ്മിഷനിംഗിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ വോട്ടിംഗ് മെഷീനുകൾ സീൽ ചെയ്തു ഭദ്രമായി സൂക്ഷിക്കും. പിന്നീട് വിതരണ ദിവസം പുറത്തെടുക്കും.