വള്ളിക്കോട് : വോട്ടുതേടി എത്തുന്ന സ്ഥാനാർത്ഥികളോടും മുന്നണി നേതാക്കളോടും വള്ളിക്കോട് നിവാസികൾക്ക് പ്രധാനമായും ഒന്നേ പറയാനുള്ളു.. മുടങ്ങാതെ കുടിവെള്ളം എത്തിക്കാമെന്ന് ഉറപ്പ് നൽകുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് മാത്രമെ വോട്ട് നൽകൂ. മൂന്ന് മുന്നണികളുടെ നേതാക്കളും സ്ഥാനാർത്ഥികളും കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാമെന്നും മുടങ്ങാതെ വെള്ളം എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കാമെന്നും ഉറപ്പ് നൽകിയാണ് മടങ്ങുന്നത്. വാക്ക് തെറ്റിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമൊക്കെ വരാനുണ്ടെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകുന്നുണ്ട്.

സ്വന്തമായി കുടിവെളള പദ്ധതിയുണ്ടെങ്കിലും വേനൽ സയമത്ത് വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ഞക്കുനിലം, കൈപ്പട്ടൂർ, മാമ്മൂട്, വാഴമുട്ടം, കുടമുക്ക്, വെള്ളപ്പാറ, കാഞ്ഞിരപ്പാറ, നരിയാപുരം, ഭുവനേശ്വരം, തൃപ്പാറ, തലയ്ക്കൽ. പന്തലോടി ഭാഗം എന്നിവിടങ്ങളിലാണ് കുടിവെള്ളം അതിരൂക്ഷമാകാറുള്ളത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ തേക്കുംകൂട്ടത്തിൽ മുരുപ്പ്, മൂർത്തിമുരുപ്പ് കോളനികളിൽ പ്രഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും പലപ്പോഴും വെള്ളം കിട്ടാറില്ല. ഭൂരിഭാഗം കുടുംബങ്ങളും പണം നൽകിയാണ് വെള്ളം വാങ്ങുന്നത്.

ജൽ ജീവൻ പദ്ധതി പ്രകാരം നേരത്തെ ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയിലധികം പൈപ്പ് കണക്ഷനുകൾ ഇപ്പോൾ പ്രദേശത്ത് നൽകിയിട്ടുണ്ട്. എന്നാൽ രണ്ട് പതി​റ്റാണ്ട് മുമ്പ് സ്ഥാപിച്ച അതേ ടാങ്കും അനുബന്ധ സൗകര്യങ്ങളുമാണ് ഇപ്പോഴുമുള്ളത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം എത്താറുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ മഴസമയത്ത് പോലും യഥാർത്ഥ അളവിൽ വെള്ളം എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാം അനുഭാവപൂർവം പരിഹരിക്കാമെന്നാണ് എല്ലാ സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും നാട്ടുകാർക്ക് ഉറപ്പുനൽകിയിരിക്കുന്നത്. കാട്ടുപന്നി ശല്യവും നാട്ടുകാർ ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.