
കടമ്മനിട്ട : കാച്ചിമുറുക്കിയ തപ്പിൽ നിന്നുയർന്ന രൗദ്രതാളത്തിൽ കൂട്ടക്കോലങ്ങൾ കളത്തിൽ നിറഞ്ഞാടി. ചൂട്ടുവച്ച് രണ്ടുനാൾ പച്ചത്തപ്പുകൊട്ടി കളമുണർത്തിയ ശേഷമാണ് മൂന്നാം ദിവസമായ ഇന്നലെ കൂട്ടക്കോലങ്ങൾ കളം നിറഞ്ഞാടിയത്.
മേളക്കാർ ആഴികൂട്ടി അതിനു ചുറ്റും വട്ടമിരുന്ന് തപ്പ് ചൂടാക്കിയും പാണത്തോൽ കൊണ്ട് തൂത്തുതണുപ്പിച്ച് വീണ്ടും ചൂടാക്കിയും ക്രമാനുഗതമായി കാച്ചിയെടുത്ത തപ്പിൽ ഈടുകൈകളോടെ കാപ്പൊലിച്ച് ജീവയും വല്ല്യഗണപതിയും നാലുചെമ്പടയും കൊട്ടി തപ്പുമേളം മുറുകിയത്തോടെ വല്യകാപ്പൊലിയായി. പിന്നീട് കത്തിയെരിയുന്ന ചൂട്ടുകറ്റയുടെ പ്രഭയിൽ മേളത്തിന്റെയും വായിക്കുരവയുടെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്തേക്ക് കോലങ്ങളെത്തി. പിന്നീട് ഓരോന്നായിട്ടാണ് തുള്ളി ഒഴിഞ്ഞത്. ആദ്യം കളത്തിൽ വെളിച്ചപ്പാട് അലറിവിളിച്ച് അരുളപ്പാടുകൾ നൽകി. തുടർന്ന് താവടിയും പുലവൃത്തവും. പാളകോലങ്ങളിൽ തുടക്കം കുറിക്കുന്ന ഗണപതികോലം അഥവാ പിശാച് കോലമാണ് ആദ്യം കളത്തിലെത്തിയത്. പൈശാചിക ദോഷങ്ങളും ബാധകളും ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് പിശാച് കോലം തുള്ളുന്നത്. വസൂരി പോലെ മാരക രോഗങ്ങളിൽ നിന്ന് ഗ്രാമ ജനതയ്ക്ക് മുക്തി നൽകണമെന്ന അപേക്ഷയോടെയാണ് മറുതാക്കോലം തുള്ളിയുറഞ്ഞത്. വലം കയ്യിൽ വാളും ഇടം കയ്യിൽ പന്തവും പാശവുമായി മരണഭീതിയിൽ നിന്നും അകാലമൃത്യു, ആത്മഹത്യാ പ്രേരണ എന്നിവ ഒഴിവാക്കി നാടിനെ രക്ഷിക്കാനും സൽസന്താന ഭാഗ്യത്തിനുമായി മാർക്കണ്ഡേയചരിതം പാടിയാടിയാണ് കാലൻകോലം കളംമാഞ്ഞത്. പടേനിയിലെ ശക്തമായ വഴിപാടുകോലമാണ് കാലൻ കോലം. കാലന്റെ ചടുലമായ ചുവടുകൾ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കളത്തിൽ ഭൈരവിയും കാഞ്ഞിരമാലയും സുന്ദരയക്ഷിയും ചേർന്ന് നിരത്തി തുള്ളൽ നടത്തിയതിനുശേഷം കോലങ്ങൾ ഓരോന്നായി തുള്ളിയുറഞ്ഞു. അവസാനം കൊട്ടിയടക്കോട് കൂടിയാണ് മൂന്നാംപടേനി അവസാനിച്ചത്.