
അടൂർ: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയേയും മകനേയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അടൂർ ഏഴംകുളം പൂഴിക്കോട്ടുപടി പാലക്കോട്ട് താഴേവീട്ടിൽ രതീഷ് (39) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. ഏഴംകുളം വയല സ്വദേശിനിയും മകനുമാണ് അതിക്രമത്തിന് ഇരയായത്. യുവതിയേയും മകനെയും മർദ്ദിച്ച ശേഷം, ശരീരത്തിൽ പെട്രോൾ ഒഴിച്ചിട്ട് ലൈറ്റർ എടുത്ത് കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. മർദ്ദനമേറ്റ യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അടൂർ പൊലീസ് ഇൻസ്പെക്ടർ ആർ.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷവും യുവതിയെ ആക്രമിച്ച കേസിൽ രതീഷിനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി പറക്കോട് കോട്ടമുകളിലുള്ള ഓഡിറ്റോറിയത്തിന് സമീപത്തെ 110 കെ.വി വൈദ്യുതി ലൈനിന്റെ ടവറിൽ കയറി രതീഷ് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.