അപകട സാദ്ധ്യതയുമേറെ

അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ കൈതക്കൽ ഭാഗത്ത് റോഡിന് കുറുകെ മുകളിൽ കൂടി കടന്നുപോകുന്ന കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ അക്വിഡേറ്റ് ചോർന്നും നിറഞ്ഞുകവിഞ്ഞും വെള്ളം റോഡിലൂടെ ഒഴുകുന്നു. റോഡിലൂടെ അപകടകരമായ നിലയിലുള്ള വെള്ളത്തിന്റെ ഒഴുക്ക് കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാണ്. സ്കൂൾ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ വെള്ളത്തിൽ വഴുതി വീണിട്ടുണ്ട്. നൂറനാട് മെയിൻ കനാലിൽ നിന്ന് പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായുള്ള കനാലാണിത്. അക്വിഡേറ്റിന്റെ ചോർച്ചയെക്കുറിച്ച് വർഷങ്ങളായി കെ.ഐ.പിയിൽ പരാതി പറഞ്ഞിട്ടും പരിശോധന നടത്തിപ്പോകുന്നതല്ലാതെ കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാവർഷവും വേനൽക്കാലത്ത് കനാൽ തുറന്നുവിടുമ്പോൾ റോഡിലൂടെ വെള്ളം കുത്തിയൊഴുകാറുണ്ട്. കനാലിന്റെ കൈവഴിയിൽ നിന്ന് അക്വിഡേറ്റിലേക്ക് വെള്ളം പ്രവേശിക്കുമ്പോൾ വിസ്താരം കുറയുന്നതാണ് വെള്ളം പുറത്തേക്ക് ഒഴുകുവാൻ കാരണം. റോഡിലൂടെ ഒഴുകുന്ന വെള്ളം ഇരുവശത്തെ പറമ്പുകളിലേക്ക് കടന്ന് കൃഷികൾക്ക് നാശം സംഭവിക്കുന്നുണ്ട് . വെള്ളം വൻതോതിൽ പാഴായിട്ടും ആധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

--------------

അടിയന്തരമായി അക്വിഡേറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തി ചോർച്ച ഒഴിവാക്കണം.

ജോസ് നിർവൃതി

നാട്ടുകാരൻ