
അരയാലും പേരാലുമാണ് ഇലവുംതിട്ടയുടെ മുഖം. നാടിന്റെ രാഷ്ട്രീയ മാറ്റങ്ങളുടെയും വികസനത്തിന്റെയും നിശബ്ദ സാക്ഷികൾ. പുരോഗമനത്തിന് കവിതകളുമായി വെളിച്ചം പകർന്ന സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കരുടെ സ്മൃതിമണ്ഡപം തൊട്ടടുത്ത്. കാർഷികഗ്രാമത്തിന്റെ വളർച്ചയുടെ തട്ടകമാണ് ഇലവുംതിട്ട ചന്ത. ഇന്നിവിടെ പഴയപോലെ കച്ചവടത്തിരക്കില്ല. ഒരു ദിവസത്തെ ചന്തയിൽ നിന്ന് പത്ത് ലോഡ് തൊണ്ടുകൾ വരെ കയറ്റി അയച്ചിട്ടുണ്ടെന്ന് പ്രദേശവാസിയായ കർഷകൻ തച്ചിരേത്ത് ഗോപാലകൃഷ്ണൻ പറഞ്ഞു. ചന്തദിവസമായിരുന്ന ഇന്നലെ രാവിലെ ഏഴരയ്ക്ക് ഇവിടെയെത്തിയ അദ്ദേഹത്തിന്റെ പക്കൽ വിൽക്കാൻ സാധനങ്ങളുണ്ടായിരുന്നില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് വരുന്നുണ്ട്. കാണണം.
എങ്ങനെയുണ്ട് തിരഞ്ഞെടുപ്പ് രംഗം എന്നു ചോദ്യം കേട്ട് എഴുപതുകാരന്റെ മുഖത്ത് ചെറുചിരി. '' പണ്ടെത്തെപ്പോലെയല്ല, എല്ലാം നമ്മൾ നേരിട്ടു കാണുകയല്ലേ. കൃഷി കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാനാണ് ആളുകൾ കൂടുന്നത്. വിൽക്കാനല്ല...'' - രാഷ്ട്രീയമനസ് അറിയിക്കാതെ ഗോപാലകൃഷ്ണൻ പറഞ്ഞു നിറുത്തിയപ്പോൾ അപ്പുറത്ത് മാത്യു ടി.തോമസ് എം.എൽ.എ കോർപ്പറേറ്റ് ശക്തികൾക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുന്നു. തോമസ് ഐസക്കിന്റെ പ്രചാരണപരിപാടിയുടെ ഉദ്ഘാടനമാണ് വേദി.
രാവിലെ എട്ടിന് പര്യടനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. സമയം ഒൻപത്. ചൂട് കൂടിയതോടെ പ്രവർത്തകർ കടകളുടെ തണലിലേക്ക് നീങ്ങി. കലാകേളിയുടെ കൈകൊട്ടിക്കളി അരങ്ങേറുമ്പോൾ സ്ഥാനാർത്ഥിയെത്തി. ചെന്നീർക്കര എസ്.എൻ.ഡി.പി സ്കൂൾ വിദ്യാർത്ഥിനികളുടെ ബാൻഡ് മേളം. മന്ത്രി വീണാജോർജിനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാറിനുമൊപ്പം തോമസ് ഐസക്ക് വേദിയിലേക്ക് നടന്നപ്പോൾ മുദ്രാവാക്യം വിളിക്ക് ആവേശമേറി. മൂലൂരിന്റെ പ്രതിമയിൽ പുഷ്പഹാരം ചാർത്തി. ഐസക്കിന് ആദ്യ സ്വീകരണം നൽകിയത് വിജ്ഞാന പത്തനംതിട്ടയിലൂടെ തൊഴിൽ ലഭിച്ച ഇലവുംതിട്ട അനുഭവനിൽ അനു ജി.നായരാണ്. ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി. 23ന് ജോലിയിൽ പ്രവേശിക്കും.
'' ഇന്നത്തെ സ്വീകരണം തുടങ്ങിയത് ഇരട്ടി മധുരത്തോടെയാണ്. വിജ്ഞാന പത്തനംതിട്ട പദ്ധതിയിൽ തൊഴിൽ ലഭിച്ച ഇൗ നാട്ടുകാരന്റെ സ്വീകരണം, പദ്ധതിയെപ്പറ്റിയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണ്.'' - തോമസ് ഐസക്ക് പറഞ്ഞു.
പൂക്കളും പുസ്തകങ്ങളും ഏറ്റുവാങ്ങി അടുത്ത സ്വീകരണകേന്ദ്രമായ മെഴുവേലിയിലേക്ക്. പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ എഴുത്തുകാരൻ ബാബുജി മെഴുവേലി പുസ്തകം നൽകി ഐസക്കിനെ സ്വീകരിച്ചു. തെയ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയിൽ ലഭിച്ച വലിയ സ്വീകരണത്തിന് സ്ത്രീകളും കുട്ടികളുമൊക്കെയുണ്ടായിരുന്നു. വൈകിയതിനാൽ തുറന്ന ജീപ്പിൽ നിന്നുകൊണ്ട് എല്ലാവർക്കും സ്ഥാനാർത്ഥി നന്ദി പറഞ്ഞു.
കിടങ്ങന്നൂർ ജംഗ്ഷനിലത്തെിയപ്പോൾ മുപ്പത് വർഷം മുൻപ് ഇവിടെയെത്തിയ ഒാർമ്മ ഐസക്കിന്റെ മനസിലെത്തി. ജനകീയാസൂത്രണ പദ്ധതി തയ്യാറാക്കാനായി തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ഒന്നായിരുന്നു മെഴുവേലി. അന്ന് രണ്ടാഴ്ച പഞ്ചായത്തിൽ താമസിച്ചാണ് ഗ്രാമവികസന പ്രവർത്തനങ്ങൾ മനസിലാക്കിയതും ആളുകളുമായി ആശയവിനിമയം നടത്തിയതുമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ട ജംഗ്ഷനിലെ സ്വീകരണത്തിൽ റോഡ് നിറഞ്ഞ് ജനം. പൈവഴിയിലെ സ്വീകരണം പുഷ്പവൃഷ്ടിയോടെയായിരുന്നു. തലയ്ക്ക് നേരെ പൂക്കളെത്തിയപ്പോൾ '' വണ്ടിയിൽ നിന്ന് ഇറങ്ങാത്തതിന്റെ ദേഷ്യം എറിഞ്ഞു തീർക്കുകയാണോ'' എന്ന് ഐസക്കിന്റെ തമാശ ചിരിപടർത്തി. ജയിച്ചുവന്നാൽ നിലത്തിറങ്ങി നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന ഉറപ്പുകൂടി അദ്ദേഹം പങ്കുവച്ചു. എം.സി റോഡിൽ കുളനട ജംഗ്ഷനിൽ ഉത്സവാന്തരീക്ഷം. ചെണ്ടമേളം, മുത്തുക്കുട, അമ്മൻകുടം തുടങ്ങിയവ അകമ്പടിയായി. സി.പി.എം. സി.ഐ.ടി.യു പ്രവർത്തകർ പ്രകടനമായി സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
ഉളനാട്ടിൽ പതിവില്ലാതെ സ്ഥാനാർത്ഥിക്ക് സമ്മാനപ്പുസ്തകങ്ങളുടെ എണ്ണം കൂടി. ചെന്നീർക്കര ഗുരുമന്ദിരം ജംഗ്ഷനിൽ സ്ത്രീകളുടെ വലിയ കൂട്ടം സ്ഥാനാർത്ഥിയെ സ്വകരിക്കാനുണ്ടായിരുന്നു. ജയിച്ചുവരും എന്നനുഗ്രഹിച്ച് കമലമ്മ രക്താഹാരം ചാർത്തി. പ്രക്കാനത്ത് എൽ.ഡി.എഫിന്റെ ശക്തിപ്രകടനമാണ് കണ്ടത്. ഉച്ചച്ചൂടിൽ കാത്തുനിന്നവർക്ക് പ്രവർത്തകർ കുടിവെള്ള വിതരണമൊരുക്കി. തുടർന്ന് സി.പി.എം ജില്ലാ കമ്മറ്റി ഒാഫീസിൽ മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രകാശനം ചെയ്തു. കുമ്പഴയിൽ ഭക്ഷണത്തിനുശേഷം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് പര്യടനം പുനരാരംഭിച്ചത്. വൈകിട്ടത്തെ സ്വീകരണ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബൈക്കുകളിൽ അകമ്പടി നൽകി സ്ഥാനാർത്ഥിയെ വരവേറ്റു.
സ്ഥാനാർത്ഥിയോട്
? വിജയസാദ്ധ്യതകൾ എന്തെല്ളാം
എല്ലാ ഘടകങ്ങളും അനുകൂലമാണ്. പൊതുരാഷ്ട്രീയ അന്തരീക്ഷം അങ്ങനെയാണ്. മത ന്യൂനപക്ഷങ്ങളിൽ വലിയ വിഭാഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിനും ബി.ജെ.പിക്കും ശക്തമായ ബദൽ എന്നാണ് ജനങ്ങൾ ഇടതുപക്ഷത്തെ കാണുന്നത്. പതിനഞ്ചു വർഷം പത്തനംതിട്ടയിലെ എം.പി എന്തു ചെയ്തുവെന്ന ചോദ്യം വോട്ടർമാർക്കുണ്ട്. അടുത്ത അഞ്ച് വർഷം കൂടി എം.പിയാക്കണമെങ്കിൽ ഇനിയെന്തെങ്കിലും പരിപാടിയുണ്ടോ എന്നു ചോദിച്ചാൽ ആന്റോ ആന്റണിക്ക് ഒന്നും പറയാനില്ല. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്.
? എത്ര വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു
= അൻപതിനായിരത്തിൽ കൂടുതൽ.