കോന്നി: കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ ഇന്നലെ രാവിലെ വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തി. രാവിലെ 4.30 ന് പുറപ്പെടേണ്ട കൊച്ചി അമൃത ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറാണ് മദ്യപിച്ചത്. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി മറ്റൊരു ഡ്രൈവർക്ക് ചുമതല നൽകി. ഇതുമൂലം 5.30 നാണ് ബസ് പുറപ്പെട്ടത്. ബസ് വൈകിയതിനാൽ യാത്രക്കാർ വലഞ്ഞു.
വിജിലൻസ് സ്ക്വാഡിന്റെ പരിശോധന നടക്കുമ്പോൾ ഓപ്പറേറ്റിങ് സ്റ്റേഷനിലെ ഒരു കണ്ടക്ടർ സ്ക്വാഡിലെ ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്ന രേഖകൾ അടങ്ങിയ ബാഗ് രഹസ്യമായി ജീപ്പിൽ നിന്നെടുത്ത് ബാത്‌റൂമിന്റെ പിന്നിൽ കൊണ്ടിട്ടതായി പറയുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ബാഗ് തിരികെ ലഭിച്ചു. ഇൗ കണ്ടക്ടർക്കെതിരെയും നടപടി സ്വീകരിച്ചു. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ ഒരു കണ്ടക്ടറെ മുമ്പും ഇവിടെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.