തിരുവല്ല: സംസ്ഥാന ടേബിൾ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ടേബിൾ ടെന്നീസ് എന്ന പദ്ധതി ജില്ലയിലെ തിരുവല്ല നിക്കോൾസൺ സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ ഡോ.തിയൊഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ടേബിൾ ടെന്നീസ് കളിയില്ലാത്ത സ്കൂളുകൾക്ക് ടേബിൾ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലെയും ഓരോ സ്കൂളിനായിരിക്കും അക്കാഡമി തുടങ്ങാൻ ടേബിൾ നൽകുന്നത്. നിക്കോൾസൺ സ്കൂളിന് വേണ്ടി മെത്രാപ്പോലീത്ത ടേബിൾ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ ഗീത ടി.ജോർജ്, പ്രിൻസിപ്പൽ മെറിൻ മാത്യു, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് റെജി പോൾ, സെക്രട്ടറി സുനിൽ കോശി ജോർജ്, ഭാരവാഹികളായ രാജൻ ജേക്കബ്, കെ.ഒ ഉമ്മൻ, നൈനാൻ എം.കൊച്ചിയിൽ എന്നിവർ പ്രസംഗിച്ചു.