1
ഗവ. ആയുർവേദ ആശുപത്രിക്കായി കീഴ് വായ്പൂരിൽ 4 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടത്തിൻ്റെ പരസരത്ത് കാട് കയറിയ നിലയിൽ.

മല്ലപ്പള്ളി: ഉദ്ഘാടനം നടത്തി നാലുവർഷം പിന്നിടാൻ മാസങ്ങൾ മാത്രം ബാക്കിയായ കീഴ് വായ്പൂര് ഗവ.ആയുർവേദ ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു. ഏതാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ആശുപത്രി പ്രവർത്തനം തുടങ്ങാമെന്നിരിക്കയാണ് അധികൃതരുടെ അനാസ്ഥയിൽ കെട്ടിടം അനാഥമായി കിടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മേൽക്കൂരയിലും വള്ളിപടർപ്പുകൾ പടർന്നു തുടങ്ങി. മഴ തുടർന്നാൽ കെട്ടിടം കാണാൻ കഴിയാത്തവിധം കാട് വളർന്ന് പന്തലിക്കും. കെട്ടിടത്തിന്റെ ഭിത്തിയിലെ പെയിന്റിംഗ് ഇളകി തുടങ്ങിയിട്ടുണ്ട്. 2020 ഓഗസ്റ്റ് 26ന് ഉദ്ഘാടനം നടത്തിയ കെട്ടിടത്തിൽ വൈദ്യുതി ലഭിച്ചില്ലായെന്നതായിരുന്നു പ്രവർത്തനം തുടങ്ങാൻ തടസമായിരുന്നതെന്നാണ് അധികൃതർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ആശുപത്രിയുടെ പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെ. ഇതോടെ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം നോക്കുകുത്തിയാവുകയാണ്.

ഇരുനില കെട്ടിടം, സൗകര്യങ്ങൾ ഏറെ

20 കിടക്കകൾ, പഞ്ചകർമ്മ തീയറ്റർ, തിരുമ്മ്, ഉഴിച്ചിൽ അനുബന്ധ സൗകര്യങ്ങൾ, പരിശോധനാമുറി, നഴ്സ് ഡ്യൂട്ടി മുറി, സ്റ്റോർ ,ഫാർമസി, ഡൈനിംഗ് ഹാൾ, രോഗികൾക്ക് ഇരിക്കുന്നതിനുള്ള സ്ഥലം, 12 ടോയ്ലെറ്റ് എന്നിവ ഉൾപ്പെടെ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണിത്. വിവിധ ഘട്ടങ്ങളിലായി അഞ്ച് നിലകളിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നു. ഒന്നാം നിലയിലെ ബാക്കിയുള്ള ഭാഗങ്ങളും പൂർത്തിയാകുമ്പോൾ 30 കിടക്കകളുള്ള ആശുപത്രിയായി മാറുമെന്നും മൂന്ന് നിലകളുടെ നിർമ്മാണ പ്രവർത്തികൾക്കു ആയുഷ് വകുപ്പിന് വിശദമായ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നുമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

...........................

ആശുപത്രിയുടെ പ്രവർത്തനം ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന് പറയുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. കിടത്തിച്ചികിത്സയുള്ള ആയുർവേദ ആശുപത്രിയിലേക്ക് താലൂക്ക് പ്രദേശത്തുനിന്നും 20 കിലോമീറ്ററിൽ അധികം യാത്ര ചെയ്യേണ്ട ഗതികേടാണ് നിലവിലുള്ളത്. അധികൃതർ നിലവിലെ നിലപാടിൽ മാറ്റം വരുത്തിയാൽ ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സാധിക്കും.

സജി

കുഞ്ഞച്ചേരിൽ

(പ്രദേശവാസി)

..........................

1. ഉദ്ഘാടനം നടത്തിയത് 2020ഓഗസ്റ്റ് 26ന്

2. കെട്ടിടത്തിന് 7,000 ചതുരശ്രഅടി വിസ്തീർണം

3. നിർമ്മാണച്ചെലവ് 1 കോടി -