a

പത്തനംതിട്ട: പള്ളിക്കൽ പുത്തൻചന്ത ഇളംപള്ളിൽ ശ്രീനിലയം വീടിന്റെ മുറ്റത്ത് നിലവിളക്കിൽ അഞ്ചു തിരിയിട്ട് എണ്ണയാെഴിക്കുകയായിരുന്നു ഗൃഹനാഥൻ വിജയൻപിള്ള. കോൺഗ്രസിന്റെ മുൻ ബൂത്ത് പ്രസിഡന്റാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഇന്നലത്തെ പര്യടനത്തിന് തുടക്കം ഇൗ വീട്ടിൽ നിന്നായിരുന്നു. കാലിലെ വേദന കാരണം നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വിജയൻപിളള തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയില്ല. ഒരു ദിവസത്തെ പര്യടനത്തിന്റെ തുടക്കം തന്റെ വീട്ടിൽ നിന്നാകണമെന്ന് അറിയിച്ചപ്പോൾ പാർട്ടി നേതാക്കൾ സമ്മതിച്ചു. വിളക്കുവച്ച് നിറപറയും തെങ്ങിൻപൂക്കുലയുമൊരുക്കി.

മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.സി.സി മുൻ അംഗം തേരകത്ത് മണിയും കേരളകോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ. ഡി.കെ ജോണും രാവിലെ ഏഴരയ്ക്ക് എത്തി. എട്ടു മണിക്ക് പര്യടനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. കൈ ചിഹ്നവും സ്ഥാനാർത്ഥിയുടെ ചിത്രവും കൊണ്ട് അലങ്കരിച്ച മൂന്ന് പൈലറ്റ് ജീപ്പുകളിലെ മൈക്കുകളിൽ നിന്ന് ആന്റോ ആന്റണിയ്ക്കു വേണ്ടി മലയാളം, തമിഴ് ഗാനങ്ങളുടെ പാരഡികൾ ഗ്രാമത്തെ ഉണർത്തി. ഒറ്റയ്ക്കും കൂട്ടമായും അയൽപക്കത്തെ കോൺഗ്രസ് കുടുംബങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമൊക്കെ ഇറങ്ങി വന്ന് റോഡിന്റെ വശം ചേർന്നുനിന്നു. കോൺഗ്രസ് നേതാക്കളായ പഴകുളം ശിവദാസനും തോപ്പിൽ ഗോപകുമാറും ഒന്നിച്ചെത്തി. ഒൻപത് മണിയാേടെ ചൂട് കൂടിയതോടെ പ്രവർത്തകരുടെ ക്ഷമ കെട്ടുതുടങ്ങി. ആളുകൾ കൂടി വരുന്നു. സ്ഥാനാർത്ഥി എവിടായി എന്നറിയാൻ നേതാക്കളുടെ ഫോൺ വിളികൾ. '' നമ്മുടെ പരിപാടി ഇങ്ങനെയാണ്, രണ്ട് മണിക്കൂറെങ്കിലും വൈകും...'' ഒരുക്കങ്ങൾ നടത്തിക്കൊണ്ടു നിന്ന ജോൺ ദേഷ്യപ്പെട്ടു.

ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ് ശിവകുമാർ, മണ്ഡലം സെക്രട്ടറി പൊടിമോൻ കെ. മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, നേതാക്കളായ എം.ജി കണ്ണൻ, തോട്ടുവ മുരളി, എം.ആർ.ജയപ്രസാദ്, ബിജിലി ജോസഫ്, എസ്. ബിനു, ഐ. എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴിവേലിൽ തുടങ്ങിയ നേതാക്കളെത്തി. യു.ഡി.എഫ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് മാറോത്ത് സുരേന്ദ്രൻ പൊതുയോഗത്തിന് തുടക്കമിട്ടപ്പോഴേക്കും ഇളംപള്ളിൽ ജംഗ്ഷനിൽ വലിയ ആൾക്കൂട്ടമായി. ഒൻപതേകാലിന് ആന്റോ ആന്റണിയെത്തി. പ്രൊഫ.ഡി.കെ ജോൺ പര്യടനം ഉദ്ഘാടനം ചെയ്തു.

അക്കമിട്ട് പറഞ്ഞ് വികസന നേട്ടങ്ങൾ

പതിനഞ്ചു വർഷം എം.പിയെന്ന നിലയിൽ മണ്ഡലത്തിന് എന്തു ചെയ്തുവെന്നാണ് എതിരാളികളിൽ നിന്ന് ആന്റോ ആന്റണി നേരിടുന്ന വിമർശനം. ''ഇവിടെ അങ്കണവാടി നിർമ്മിച്ചു. ഇളംപള്ളിൽ-ആലുംമൂട് - പഴകുളം റോഡിന് തുക അനുവദിച്ചു. കൂടുതൽ കാര്യങ്ങൾ എഴുപത്തിരണ്ട് പേജുള്ള പുസ്തകത്തിലുണ്ട്...'' കൺമുന്നിലുള്ളത് ആന്റോ എടുത്തിട്ടു. അടുത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് ഒരു പ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ അതും എം.പി ഫണ്ടുകൊണ്ട് നിർമ്മിച്ചതാണെന്ന് ആന്റോ പറഞ്ഞു.

സ്വീകരണ ചടങ്ങുകളിലെല്ലാം സ്ഥാനാർത്ഥി ഒരു കാര്യം വോട്ടർമാരെ പ്രത്യേകം ഒാർമ്മിപ്പിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ എന്റെ പേര് രണ്ടാമതാണ്. ഒന്നാമത് താമരക്കാരനാണ്. രണ്ടുപേരുകളിലും ആന്റണിയുള്ളതും ശ്രദ്ധിക്കണം.

രണ്ടാമത്തെ സ്വീകരണവേദിയായ മേക്കുന്നിൽ എത്തുമ്പോഴേക്കും പര്യടനത്തിന്റെ മട്ടുമാറി. മുന്നിൽ ബൈക്കുകളുടെ അകമ്പടി, ചെണ്ടമേളം, നാസിക് ഡോൾ... വലിയൊരു ആഘോഷത്തിമർപ്പോടെയാണ് സ്ഥാനാർത്ഥിയുടെ വരവേൽപ്പ്. ത്രിവർണ ഷാളുകൾ അണിയിച്ച് കോൺഗ്രസിന്റെയും പോഷക സംഘടനകളുടെ പ്രവർത്തകർ ആന്റോയ്ക്ക് വിജയാശംസ നേർന്നു. പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്ര പരിസരത്ത് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ നിന്നിറങ്ങി നേരെ പോയി ക്ഷേത്രവഞ്ചിയിൽ കാണിക്കയിട്ട് തൊഴുതു.

ചെറുകുന്നം പൊയ്ക ജംഗ്ഷനിൽ എത്തിയത് ഒന്നര മണിക്കൂർ വൈകി. കത്തുന്ന വെയിലിൽ തണൽ തേടിയപ്പോൾ കണ്ടത് ഇടതു മുന്നണിയുടെ ബൂത്ത് കമ്മിറ്റി ഒാഫീസാണ്. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പുഷ്പവല്ലിയുടെ വീടിന്റെ തണലിലേക്ക് മാറി. ഇവിടെ സ്വീകരണത്തിന് എത്തിയവരിൽ കൂടുതലും തൊഴിലുറപ്പ് തൊഴിലാളികളാണ്. യു.പി.എ സർക്കാർ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി ആന്റോ ആന്റണി സമയമെടുത്ത് വിശദീകരിച്ചു.

തോട്ടുവ പുത്തൻകളീക്കൽ ജംഗ്ഷനിലും തോട്ടംമുക്കിലും നട്ടുച്ച സമയത്ത് ആളുകൾ കാത്തുനിന്ന് വിലയ സ്വീകരണം നൽകി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട വില്ലേജ് ഒാഫീസർ മനോജ് കുമാറിന്റെ പയ്യനല്ലൂർ നന്ദനം വീട്ടിലെത്തിയ ആന്റോ ആന്റണി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

പര്യടനത്തിനൊപ്പമുണ്ടായിരുന്ന സംഘം തെങ്ങമം ജംഗ്ഷനിൽ നടത്തിയ ഗാനമേള സ്ഥാനാർത്ഥിയെ കാത്തിരുന്നവരുടെ മടുപ്പ് മാറ്റി.

കടമ്പനാട്, പെരിങ്ങനാട്, അടൂർ, ഏഴംകുളം മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പര്യടനം മാങ്കൂത്ത് അവസാനിച്ചപ്പോൾ രാത്രി പത്തുമണി.

-------------------

സ്ഥാനാർത്ഥിയോട്:

? വിജയസാദ്ധ്യതകൾ

= എനിക്ക് ലഭിച്ച ഉജ്വലമായ സ്വീകരണങ്ങൾ സി.പി.എം കോട്ടകളിലാണെന്നത് ആവേശം പകർന്നിട്ടുണ്ട്. ഇത്തവണ സാധാരണ ജനങ്ങളാണ് എന്റെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. മറ്റു രണ്ട് മുന്നണികൾ ഭരണത്തിന്റെ ബലത്തിലാണ് പ്രചാരണം.

? എത്ര വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു

= എണ്ണം പറയുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ പതിൻമടങ്ങ് ആവേശമാണ് ജനങ്ങൾക്കിടയിൽ കാണുന്നത്.