പത്തനംതിട്ട: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പത്തനംതിട്ട പുന്നലത്തുപടി മുതുമരത്തിൽ കോളനിയിൽ തറയിൽ ശിവൻകുട്ടിയുടെ വീട് കത്തിനശിച്ചു. വീട്ടുപകരണങ്ങളും തുണികളും പ്രമാണങ്ങളും സർട്ടിഫിക്കറ്റുകളും ഉൾപ്പടെ നശിച്ചു. സമീപ വാസികൾ അറിയിച്ചതിനെതുടർന്ന് പത്തനംതിട്ട ഫയർഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുറികളുടെ ഭിത്തികളും കോൺക്രീറ്റ് മേൽക്കൂരയും വിണ്ടുകീറി. 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇന്നലെ രാവിലെ 10.45നാണ് സംഭവം. ശിവൻകുട്ടിയും ഭാര്യയും ഇളയമകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. തീപിടിത്തമുണ്ടായപ്പോൾ ഇവർ വീട്ടിൽ ഇല്ലായിരുന്നു. അസുഖ ബാധിതനായ ശിവൻകുട്ടി വീടിന് കുറച്ചകലെയുള്ള മാടക്കടയിൽ കച്ചവടത്തിനായും ഭാര്യ സുശീല മറ്റ് വീടുകളിൽ ജോലിക്കും ഇളയമകൻ പി.എസ്.സി പരീക്ഷയ്ക്കും പോയിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന മക്കളുടെ സർട്ടിഫിക്കറ്റുകളും അവർക്ക് ലഭിച്ച അവാർഡുകളും കത്തിനശിച്ചതായി ശിവൻകുട്ടി പറഞ്ഞു.