തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി ഇടാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. തേക്കുമരം നാല് ചതുരാകൃതിയിലും പിന്നീട് എട്ട് ചതുരാകൃതിയിലും ഒരുക്കിയശേഷം വൃത്താകൃതിയിലാക്കി. സ്വർണ്ണ ധ്വജസ്തംഭത്തിന്റെ കണക്കുകൾ പ്രകാരം പൂർണ്ണ ആകൃതിയിൽ മരം ഒരുക്കുന്ന ജോലികൾ പൂർത്തിയായി. കൊടിമര ശിൽപ്പി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. കഴിഞ്ഞ നവംബർ 4നാണ് പൂഞ്ഞാറിലെ പാതാംമ്പുഴയിൽ നിന്നും തേക്കുമരം മഹാഘോഷയാത്രയായി ക്ഷേത്രത്തിൽ തയാറാക്കിയ പണിശാലയിൽ എത്തിച്ചത്. 19നായിരുന്നു ധ്വജ നിർമ്മാണത്തിന്റെ ഉളിവെപ്പ് കർമ്മം. തുടർന്ന് തേക്ക് മരത്തിന്റെ തൊലിചെത്തി മാറ്റി പച്ചമഞ്ഞളും പച്ചകർപ്പൂരവും കൂടി തേച്ചുപിടിപ്പിച്ച് ഉണക്കാനിട്ടു. ഇപ്പോൾ ഒരുമാസത്തിനുശേഷമാണ് തൈലാധിവാസത്തിനായി മരം ഒരുക്കിയെടുത്തത്. തേക്കുമരം തൈലാധിവാസത്തിനായി ഇടാനുള്ള എണ്ണത്തോണിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിനുള്ളിൽ തുടങ്ങി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് ധ്വജസ്തംഭത്തിന്റെ നിർമ്മാണങ്ങൾ നടക്കുന്നത്.