തിരുവല്ല: കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനാലാം വാർഡ് മെമ്പർ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റ് മേഴ്സി ഏബ്രഹാം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന് 7, എൽ.ഡി.എഫിന് 5, ബി.ജെ.പിക്ക് 2, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസിന്റെ 7 അംഗങ്ങളിൽ വൈസ് പ്രസിഡന്റാരുന്ന മേഴ്സി ഏബ്രഹാം വിട്ടുനിന്നു. എൽ.ഡി.എഫിലെ സ്ഥാനാർത്ഥിയാകേണ്ട അംഗം ഉൾപ്പെടെ രണ്ടുപേർ വൈകിയെത്തിയതിനാൽ ഹാളിൽ പ്രവേശിക്കാനായില്ല. ഇതോടെ എൽ.ഡി.എഫിന്റെ ബാക്കി മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കൂറുമാറ്റം ഭയന്ന് സൂസമ്മ ആംബുലൻസിലെത്തി
കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒന്നാം വാർഡ് മെമ്പർ സൂസമ്മ പൗലോസ് എത്തിയത് ആംബുലൻസിൽ. കാലിന്റെ ശസ്ത്രക്രിയയ്ക്കുശേഷം സൂസമ്മ പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിലെ വൈസ് പ്രസിഡന്റ് മേഴ്സി ഏബ്രഹാം വോട്ടെടുപ്പിൽ കൂറുമാറുമോ എന്ന സംശയത്തെ തുടർന്ന് കോൺഗ്രസ് അംഗങ്ങളുടെ അഭ്യർത്ഥനയിലാണ് സൂസമ്മ പൗലോസ് ആംബുലൻസിൽ പഞ്ചായത്തിലെത്തിയത്. എന്നാൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ സൂസമ്മയ്ക്ക് വോട്ട് ചെയ്യേണ്ടി വന്നില്ല.