photo
മല്ലശേരിമുക്ക് - പൂങ്കാവ് റോഡിൽ ഇരപ്പുകുഴി ജംഗ്ഷനും പൂവക്കാടിനും ഇടയിൽ മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ

പ്രമാടം : പഞ്ചായത്തിലെ പൂങ്കാവ് നിവാസികൾ അധികൃതരോട് ചോദിച്ച് മടുത്ത ഒരു ചോദ്യമാണിത്. ഈ റോഡ് എന്താ നാട്ടുകാരുടെ മൊത്തം മാലിന്യ സംസ്കരണ കേന്ദ്രമാണോ.. ? ആഴ്ചകളും മാസങ്ങളുമായി പ്രദേശവാസികൾ ഇതേ ചോദ്യം തുടരുന്നുണ്ടെങ്കിലും ഉത്തരം നൽകാനോ ഇരുളിന്റെ മറവിൽ മാലിന്യം നിക്ഷേപിക്കുവരെ പിടികൂടി നടപടി സ്വീകരിക്കുന്നതിനോ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല , അനുദിനം മാലിന്യ നിക്ഷേപം വർദ്ധിക്കുകയുമാണ്. കോടികൾ മുടക്കി അടുത്തിടെ ആധുനിക രീതിയിൽ നിർമ്മാണം നടത്തിയ മല്ലശേരിമുക്ക് - പൂങ്കാവ് റോഡിലെ ഇരപ്പുകുഴി ജംഗ്ഷനും പൂവക്കാടിനും ഇടയിലുള്ള റോഡിന്റെ ഒരു ഭാഗമാണ് സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇരുളിന്റെ മറവിൽ മത്സ്യ, മാംസാദികളുടെ അവശിഷ്ടങ്ങൾ വരെ ഇവിടേക്ക് വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്. തിരക്കേറിയ പാതയോരമായതിനാൽ വാഹനങ്ങൾ കയറിയിറങ്ങിയും പക്ഷി-മൃഗാദികൾ കൊത്തിവലിച്ചും മാലിന്യം റോഡിലേക്ക് പരക്കുന്നത് പതിവാണ്. പിന്നീട് വാഹനങ്ങൾ കയറിയിറങ്ങി ഇവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. മഴ സമയങ്ങളിൽ അസഹ്യമായ ദുർഗന്ധം കാരണം സമീപ വീടുകളിലുള്ളവർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പത്തനംതിട്ടയിൽ നിന്ന് കോന്നിൽ നിന്നും വരെ ആളുകൾ പൂങ്കാവ് കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപത്തിന് എത്തുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് പ്രമാടം പഞ്ചായത്തിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രമാടം പഞ്ചായത്തിന്റെ പ്രധാന ഉപകേന്ദ്രം

പ്രമാടം പഞ്ചായത്തിലന്റെ പ്രധാന ഉപകേന്ദ്രമാണ് പൂങ്കാവ്. പഞ്ചായത്തിലെ പ്രധാന മാർക്കറ്റ് കൂടി സ്ഥിതി ചെയ്യുന്ന ഇവിടെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ജംഗ്ഷനോട് ചേർന്നുള്ള മല്ലശേരി സെന്റ് മേരീസ് പള്ളിക്കും മലങ്കര കത്തോലിക്കാ പള്ളിക്കും മദ്ധ്യേയുള്ള ഉപറോഡിലായിരുന്നു നേരത്തെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരുന്നത്. ഇവിടെ തെരിവുവിളക്കുകൾ സ്ഥാപിക്കുകയും പള്ളികളിലെ ക്യാമറകൾ വഴിയും പൊലീസിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ചും നിരീക്ഷണം ശക്തമാക്കിയതോടെ ഇവിടുത്തെ മാലിന്യ നിക്ഷേപം അവസാനിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ സമീപത്ത് തന്നെയുള്ള റോഡ് സൈഡിലേക്ക് മാറിയിരിക്കുന്നത്.

അടിയന്തര നടപടി സ്വീകരിക്കണം

നാടിനെ പകർച്ചവ്യാധി ഭീഷണിയിലേക്ക് തള്ളിവിടുന്ന രീതിയിൽ റോഡരുകിൽ

കൂടിയിട്ടിരിക്കുന്ന മാലിന്യം അടിയന്തരമായി നീക്കം ചെയ്യണെന്നും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.