അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. വ്യാപക കൃഷിനാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.മോളിൽ വടക്കതിൽ പി.കെ രവി എന്ന കർഷകന്റെ വാഴക്കൃഷി, എം.സലീമിന്റെ വെറ്റക്കൊടി, ചേന, പച്ചക്കറികളും നശിപ്പിച്ചു. മിക്ക കർഷകരും കൃഷി നിറുത്താൻ തീരുമാനിച്ചിരിക്കുകയാണ്. അടൂർ ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടുപന്നിശല്യം ഏറെയും.
വാഴ, ചേന, മരച്ചീനി, വെറ്റക്കൊടി തുടങ്ങി പലതരം നാടൻ പച്ചക്കറികൾ വ്യാപകമായി കൃഷി ചെയുന്ന മേഖലയാണ് അടൂർ മുനിസിപ്പാലിറ്റിയിലെ കരുവാറ്റ ഭാഗം. വയൽ നികന്ന സ്ഥലമാണ് പ്രദേശത്ത് കൂടുതൽ എന്നതിനാൽ കൃഷിക്കനുയോജ്യമായ വളക്കൂറുള്ള മണ്ണാണ്. സ്വന്തം കൃഷി സ്ഥലത്ത് തുടങ്ങി, സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് നൂറുമേനി വിളയിക്കുന്ന ധാരാളം കർഷകർ താമസിക്കുന്ന പ്രദേശമാണ് കരുവാറ്റ. ഇവിടെയാണ് കർഷകരുടെ നെഞ്ചിൽ ഇടിത്തീ പോലെ കാട്ടു പന്നികളുടെ കടന്നാക്രമണം. ഇണ്ടളൻ കാവ് ക്ഷേത്രത്തിന് പിന്നിലെ കാടുപിടിച്ച് കിടക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയാണ് പന്നികളുടെ വാസസ്ഥലം. നിരവധി പരാതി നൽകിയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അക്രമണകാരികളായ പന്നികളെ വെടിവച്ച് കൊല്ലണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. ഇതിനുവേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
..............................................................
കാട്ടുപന്നി ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ വേറെ മാർഗമില്ല.
എൻ. ടി. വിജയൻ
(കർഷകൻ)
കാട്ടുപന്നി ശല്യം കൊണ്ട് നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ്. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണം.
സതീഷ് കുമാർ
(നാട്ടുകാരൻ)