ചെങ്ങന്നൂർ : ഏപ്രിൽ പകുതി പിന്നിട്ടിട്ടും ചെങ്ങന്നൂർ താലൂക്കിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാതിരുന്നതുമൂലം ജലസ്രോതസുകളിൽ നീരുറവയായില്ല. പാടശേഖരങ്ങളും കിണറുകളും വരണ്ടുകിടക്കുകയാണ്. സാധാരണ ഏപ്രിൽ പകുതിയോടെ കുടിവെള്ളക്ഷാമത്തിന് തെല്ലൊരാശ്വാസം കിട്ടേണ്ടതാണ്. വേനൽമഴ പെയ്തില്ലെങ്കിൽ കുടിവെള്ളക്ഷാമം മേയിലും തുടരും. തദ്ദേശസ്ഥാപനങ്ങൾ ജലവിതരണം നടത്തുന്നുണ്ടെങ്കിലും തികയുന്നില്ല. ശരാശരി 25,000 ലിറ്റർ വെള്ളമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ പാലിച്ചുവേണം ജലവിതരണം നടത്തേണ്ടത്. കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന് ഒരു രാഷ്ട്രീയനേട്ടവും ഉണ്ടാകില്ലെന്ന വ്യവസ്ഥയ്ക്കു വിധേയമായിട്ടാണ് ജലവിതരണം നടത്തേണ്ടത്. താലൂക്കിൽ ചെങ്ങന്നൂർ നഗരം, പുലിയൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാണ്. മാന്നാർ പടിഞ്ഞാറൻ മേഖലയിലും ശുദ്ധജലക്ഷാമമുണ്ട്. പമ്പയാറിന്റെ തീരത്തോടുചേർന്ന പാണ്ടനാട് പഞ്ചായത്തിൽ കിണറുകളിൽ ചെളിയടിഞ്ഞതും പ്രശ്‌നം രൂക്ഷമാക്കി. നദിയിലെ ജലനിരപ്പു താഴുന്നതിനനുസരിച്ച് കിണറുകളിൽ ചെളി കൂടിവരുകയാണ്. തോടുകളിൽ നീരൊഴുക്കു നിലച്ചതിനാൽ മലിനജലം കിണറുകളിലേക്ക് ഊർന്നിറങ്ങുന്നതും പ്രതിസന്ധിയാണ് . കുടിവെള്ളത്തിന് ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം രണ്ടു ദിവസം കൂടുമ്പോൾ മേടിച്ചാണ് ഉപയോഗിക്കുന്നത്. കുപ്പി വെള്ളത്തേയും ആശ്രയിക്കുന്നു.

.........................................

വേനൽ മഴ കുറഞ്ഞതും ചൂടു കൂടിയതും വെള്ളം കുറയുവാൻ കാരണമായി. സാധാരണ ഏപ്രിൽ പകുതിയോടെ വേനൽ മഴ ലഭിക്കണ്ടതാണ് , ചെറിയ മഴ മാത്രമെ കിട്ടിയുള്ളൂ. ഇത് പ്രതിസന്ധി രൂക്ഷമാക്കി.

മനു

(പ്രദേശവാസി)