റാന്നി : വടശേരിക്കര പുതുക്കുളം മുക്കിഴിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലും ഗേറ്റും തകർത്ത് കാട്ടാനക്കൂട്ടം കൃഷി വിളകൾ നശിപ്പിച്ചത്. പുതുക്കുളം ചൂരത്തലയ്ക്കൽ സി.എസ് സണ്ണിയുടെ കൃഷിയിടത്തിലെ കുലച്ചതും, കുലക്കാറായതുമായ അറുപതോളം വാഴകളും, റബർ മരങ്ങളും , തെങ്ങും ഉൾപ്പടെയുള്ള കാട്ടാനകൾ പൂർണ്ണമായും നശിപ്പിച്ചു. ഈ മേഖലയിൽ ആദ്യമായാണ് കാട്ടാനയുടെ ശല്യം ഉണ്ടാകുന്നത് . വനവുമായി രണ്ടു കിലോമീറ്ററോളം ദൂരമുള്ള പ്രദേശത്തു കാട്ടാനകൾ വന്നത് നാട്ടുകാരുടെ ഇടയിലും പരിഭ്രാന്തി പരത്തി. തൊട്ടടുത്ത വീടിന്റെ മുറ്റത്തെ പ്ലാവിൽ നിന്നും ചക്ക തിന്ന ലക്ഷണവുമുണ്ട്. കാട്ടാനകൾ കൂടുതൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് മലയോര മേഖലയാകെ ആശങ്ക സൃഷ്ടിക്കുന്നു. മാർച്ച് 26ന് വടശേരിക്കര ബൗണ്ടറിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ പരിക്കേറ്റ ചെമ്പരത്തിമൂട്ടിൽ മഞ്ജു ഭവനത്തിൽ മജീഷ് മനോഹരൻ ഇപ്പോഴും ചികിത്സയിലാണ്. രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് മജീഷിനും, പനച്ചിക്കൽ രതീഷിനും നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കാട്ടുമൃഗ ശല്യംരൂക്ഷം
വടശേരിക്കര പഞ്ചായത്തിലെ വനമേഖലയോടുചേർന്ന വാർഡുകളിലാണ് കാട്ടുമൃഗ ശല്യമേറെയും. ആനയ്ക്ക് പുറമെ കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങുമെല്ലാം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. റാന്നി വനംഡിവിഷനു കീഴിൽ, കുടമുരുട്ടി, കുരുമ്പൻമൂഴി,പെരുനാട്, ളാഹ എന്നീ പ്രദേശങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമാണ്.