അടൂർ : മദ്യലഹരിയിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം കാർ തല്ലിത്തകർത്ത് ഡ്രൈവറെയും യാത്രക്കാരേയും മർദ്ദിച്ചു. കൊല്ലത്ത് നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്നു കോൺട്രാക്ടർ ഷൈജു, കാർ യാത്രക്കാരായ അയത്തിൽ സ്വദേശി ഷൈജു, പുത്തൂർ സ്വദേശി റീസിനുമാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 4.30ന് അടൂർ നെല്ലിമൂട്ടിൽപ്പടിയിലായിരുന്നു സംഭവം ഷൈജുവിന്റെ കാർ മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബൈക്കുകളിൽ ഒന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ കാറിനെ പിൻതുടർന്ന് തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. കാറിന്റെ മുൻ ഗ്ലാസും, വലത് വശത്തെ രണ്ട് ഗ്ലാസുകളും യുവാക്കൾ തല്ലിത്തകർത്തു. കല്ലുകൊണ്ടുള്ള മർദ്ദനത്തിൽ ഷൈജുവിന് കൈയ്ക്കും തലയ്ക്കും പരിക്കുണ്ട്. തടയാൻ വന്ന ഹോം ഗാർഡ് സതീഷ് ഉണ്ണിത്താനും മർദ്ദനമേറ്റു. ആക്രമണത്തിനു ശേഷം യുവാക്കൾ കാറിന്റെ താക്കോൽ ഊരിയെടുത്ത് ബൈക്കിൽ നെല്ലിമുകൾ ഭാഗത്തേക്ക് കടന്നു കളഞ്ഞു. അടൂർ പൊലീസ് കേസെടുത്തു.