pipepotal
പെരിങ്ങരയിലെ കോസ്മോസ് - ഉണ്ടപ്ലാവ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു

തിരുവല്ല: പെരിങ്ങര പഞ്ചായത്തിന്റെ പലഭാഗങ്ങളിലും പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നു. കാവുംഭാഗം - ചാത്തങ്കരി റോഡിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ഉൾപ്പെടെ പത്തിലധികം സ്ഥലങ്ങളിൽ കുടിവെള്ളം പാഴാകുന്നുണ്ട്. കഴിഞ്ഞ ദിവസം കോസ്മോസ് - ഉണ്ടപ്ലാവ് റോഡിലും പൈപ്പ് പൊട്ടി പ്രദേശമാകെ വെള്ളം കെട്ടിക്കിടക്കുകയാണ്. അടിക്കടിയുള്ള പൈപ്പുപൊട്ടൽ മൂലം ജനങ്ങളുടെ കുടിവെള്ളം മുടങ്ങുന്നതിനൊപ്പം റോഡിന്റെ തകർച്ചയ്ക്കും ഗതാഗത പ്രശ്‍നങ്ങൾക്കും കാരണമായിരിക്കുകയാണ്. പമ്പ, മണിമല നദികളിലെ വെള്ളം നഗരത്തിലെ വാട്ടർ അതോറിറ്റിയുടെ ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ചശേഷം പമ്പിംഗ് നടത്തുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങനെ ദിവസവും ഇവിടെ പാഴായി പോകുന്നത്. കടുത്ത വേനലിൽ മിക്ക സ്ഥലങ്ങളിലും കുടിവെള്ളം കിട്ടാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് ഇവിടെ വെള്ളം പാഴാകുന്നത്. കാവുംഭാഗം -ചാത്തങ്കരി റോഡിൽ അടിക്കടി പൈപ്പ് പൊട്ടുന്നതിനാൽ മിക്കയിടത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ തകർച്ചമൂലം വാഹനയാത്രക്കാർ മറ്റു വഴികളെ ആശ്രയിക്കുകയാണ്. ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് അടിക്കടി പൊട്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി അടുത്തകാലത്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ജലവിതരണം തുടങ്ങിയിട്ടില്ല. അടിക്കടിയുള്ള പൈപ്പുപൊട്ടലിന് ശാശ്വത പരിഹാരം കാണെണമെന്ന ആവശ്യം ശക്തമാണ്.