പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണൻ നിർവഹിച്ചു. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷൻ, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുള്ളതാണ്. പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഹരിതചട്ടവുമായും വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നൽകാൻ ലഘുലേഖയും ബൂത്തിൽ ഒരുക്കിയിട്ടുണ്ട്. വോട്ടർമാർക്ക് സംശയങ്ങൾ പരിഹരിക്കുന്നതിനും മാതൃകാ ബൂത്തിൽ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വരെ സിവിൽ സ്റ്റേഷനിൽ ബൂത്ത് പ്രവർത്തിക്കും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി പത്മചന്ദ്രകുറുപ്പ്, സ്വീപ് നോഡൽ ഓഫീസർ ബിനുരാജ്, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ സി.പി രാജേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.