
പത്തനംതിട്ട : ലോക്സഭ തിരഞ്ഞെടുപ്പിന് നാലുനാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി (വയൽ) മഷിയാണ് തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റതും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുകയെന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകൾ തടയാൻ ഈ സംവിധാനത്തിനാകും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് മാഞ്ഞുപോകാൻ.
നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിച്ച ഒരു ഫോർമുലയാണ് വോട്ടിംഗ് മഷിയിൽ ഉപയോഗിച്ചിട്ടുള്ളത്.
വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 11,472 പേർ.
അസന്നിഹിത വോട്ടർമാർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഏപ്രിൽ 20 വരെ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് 11,472 പേർ. 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷി വോട്ടർമാർക്കുമാണ് സൗകര്യം ഒരുക്കിയത്. 85 വയസ് പിന്നിട്ട 9,485 പേരും ഭിന്നശേഷിക്കാരായ 1,987 പേരുമാണ് സമ്മതിദാനം വിനിയോഗിച്ചത്. മണ്ഡലത്തിൽ ആകെ 12,367 അർഹരായ വോട്ടർമാരാണുള്ളത്.
12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്പെഷ്യൽ പോളിങ് ടീമുകൾ എത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. ഒരു പോളിംഗ് ഓഫീസർ, ഒരു മൈക്രോ ഒബ്സർവർ, പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങിയ സംഘമാണ് വീടുകളിലെത്തിയത്.
പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് ഇന്ന് അവസാനിക്കും.
അവശ്യസർവീസുകാർക്ക് പോസ്റ്റൽ ബാലറ്റ് വോട്ട് ഇന്ന് കൂടി രേഖപ്പെടുത്താം. പോസ്റ്റൽ ബാലറ്റിനായി അപേക്ഷ സമർപ്പിച്ചവർക്ക് വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം. നിയോജക മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന അസ്സിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ക്രമീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് വോട്ട് ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ കൈയ്യിൽ കരുതണം.
ലഭിച്ചത് 9856 പരാതികൾ.
സി വിജിലിലൂടെ ജില്ലയിൽ ഇതുവരെ ലഭിച്ചത് 9856 പരാതികൾ. ഇതിൽ 9690 പരാതികൾ പരിഹരിച്ചു. 163 പരാതികൾ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചു. ബാക്കി പരാതികളിൽ നടപടികൾ പുരോഗമിക്കുന്നു. അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്ളക്സുകൾ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്. അടൂർ : 5266, ആറന്മുള : 1601, കോന്നി : 1226, റാന്നി : 710, തിരുവല്ല : 1050 എന്നിങ്ങനെയാണ് ലഭിച്ച പരാതികൾ.