
പത്തനംതിട്ട : അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയിരൂരിൽ റോഡ് ഷോ നയിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെത്തിയത് പ്രവർത്തകരിൽ ആവേശമായി. ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ്, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ, ജില്ല വൈസ് പ്രസിഡന്റ് അജിത് പുല്ലാട് എന്നിവർക്കൊപ്പം തുറന്ന ജീപ്പിലാണ് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുത്തത്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊടികൾ വീശിയും നേതാക്കളെ സ്വീകരിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മല്ലപ്പള്ളിയിലെ കീഴ് വായ്പൂർ, പടുതോട്, വെണ്ണിക്കുളം, പുറമറ്റം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് അനിൽ കെ.ആന്റണി അയിരൂരിലെത്തിയത്.