1
നവികരണം ആരംഭിച്ച മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ് വായ്പൂര് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്

മല്ലപ്പള്ളി: കീഴ് വായ്പൂര് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിന്റെ നവീകരണം ആരംഭിച്ചു. മല്ലപ്പള്ളി പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ മേൽക്കൂര തകർന്ന് മരങ്ങളും കാടും വളർന്ന് തകർച്ചയുടെ പാതയിലായിരുന്നു. മേൽക്കൂര മാറ്റി പുതിയതു സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിന് മുമ്പ് ഓഫീസിന്റെ പ്രവർത്തനം മല്ലപ്പള്ളിയിലെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഞ്ചായത്ത് കോംപ്ലക്സിലേക്ക് മാറ്റിയ മാറ്റിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നവീകരണം ആരംഭിക്കാത്തതും, ഓട് മേഞ്ഞ മേൽക്കൂരയ്ക്കു മുകളിൽ കാടും മരങ്ങളും വളർന്ന് പന്തലിച്ചതുമൂലം ഭാരം താങ്ങാനാവാതെ മേൽക്കൂര ഏത് നിമിഷവും നിലംപൊത്താൻ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് 2022-2023 ലെ പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി. എന്നാൽ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കാതിരുന്നതിനെ തുടർന്ന് പദ്ധതി സ്പിൽ ഓവറായി. തുടർന്ന് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതോടെ ആഴ്ചകൾക്കു മുമ്പാണ് നവികരണ പ്രവർത്തികൾ ആരംഭിച്ചത്. 4 വർഷം മുമ്പുവരെ ഇവിടെ ഹോമിയോ ഡിസ്പൻസറിയും പ്രവർത്തിച്ചിരുന്നു. ചോർച്ച വ്യാപകമായതോടെ വാടക കെട്ടിടത്തിലേക്ക് ഡിസ്പൻസറിയുടെ പ്രവർത്തനം മാറ്റിയിരുന്നു.