അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ 1,2,22,23 വാർഡുകളിലെ പട്ടികജാതി കോളനികളിലേക്ക് വെള്ളം എത്തിക്കുവാനായി ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതിയായ ആറാട്ടുചിറ കുടിവെള്ള പദ്ധതിയുടെപ്രവർത്തനം അവതാളത്തിൽ. രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയുടെ പേരിൽ 8 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ടാം ദിവസം തന്നെ നിലച്ചു. വെള്ളം എടുക്കുവാനായി ആറാട്ട്ചിറയിൽ ലക്ഷങ്ങൾ ചെലവഴിച്ച് കിണറും, ചാല ജംഗ്ഷനിൽ വാട്ടർ ടാങ്കും നിർമ്മിച്ചു. ഈ ടാങ്കാണ് ഇപ്പോൾ കാട് പിടിച്ച് അനാഥമായി കിടക്കുന്നത്. 150 ലേറെ കുടുംബങ്ങൾക്ക് വെള്ളം എത്തിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് പദ്ധതി. ആദ്യ തവണ മോട്ടോർ തകരാറിലാകുകയും, മാസങ്ങൾ അങ്ങനെ തന്നെ കിടക്കുകയും ചെയ്തു. ശേഷം സ്വന്തം ചിലവിൽ മോട്ടോർ നന്നാക്കുവാനായി പ്രതിഷേധക്കാർ തയാറായപ്പോൾ മാസങ്ങളുടെ വൈദ്യുതി ചാർജ് കുടിശികയായി. വീണ്ടും നടന്ന സമരഫലമായി വൈദ്യുതി ചാർജ് അടച്ച് പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചപ്പോഴാണ് ആറാട്ട് ചിറയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജെ.സി.ബി കൊണ്ട് സൈഡ് ഭിത്തി കെട്ടാൻ കുഴിച്ചപ്പോൾ പൈപ്പുകൾ പൊട്ടിയത്. അത് അന്ന് മാറ്റി സ്ഥാപിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിൽ വീണ്ടും പദ്ധതി പൊങ്ങി വന്നപ്പോൾ നേരത്തെ വീടുകളിലേക്ക് സ്ഥാപിച്ച പൈപ്പുകൾ എല്ലാം ഉപയോഗശൂന്യമായി എന്നാണ് അധികൃതരുടെ വിശദീകരണം. കോളനിനിവാസികൾ ദൂരസ്ഥലങ്ങളിൽ പോയി തലച്ചുമടായി ആണ് വീട്ടാവശ്യത്തിന് വെള്ളം എത്തിക്കുന്നത്. ചിലർ ഒരു ടാങ്കിന് 450 രൂപ നിരക്കിൽ വെള്ളം വാങ്ങുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിൽ നിന്ന് ആഴ്ചയിൽ ഒരു പ്രാവശ്യം ടാങ്കറിൽ എത്തുന്ന വെള്ളം ഒന്നിനും തികയാത്ത അവസ്ഥയാണ്. വേനൽ ആയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി വെള്ളം എത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
...................................
എത്രയും പെട്ടെന്ന് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും.
ജയകൃഷ്ണൻ പള്ളിക്കൽ
യൂത്ത് കോൺഗ്രസ്സ് അടൂർ
നിയോജകമണ്ഡലം പ്രസിഡന്റ്.
....................................
വെള്ളം ഇല്ലാതെ വലിയ ബുദ്ധിമുട്ടിലാണ്.കുടിവെള്ള ക്ഷമത്തിന് അടിയന്തരമായി പരിഹാരം കാണണം.
(കോളനി നിവാസികൾ )
..............................
8 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പദ്ധതി
150 കുടുംബങ്ങൾക്ക് പ്രയോജനം