പത്തനംതിട്ട: നഗരമദ്ധ്യത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥിതി ചെയ്യുന്ന ടോയ്ലറ്റുകൾ അടച്ചുപൂട്ടി. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെ സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ വലഞ്ഞു. നിത്യേന നൂറുകണക്കിന് വാഹനങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടോയ്ലറ്റുകളാണ് ഇന്നലെ രാവിലെ താഴിട്ട് പൂട്ടിയത്. ഞായറാഴ്ച ദിനത്തിൽ ജില്ലയിലെ മലയാലപ്പുഴ ഉൾപ്പടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഇവരിൽ ഭൂരിപക്ഷംപേരും പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയാണ് തീർത്ഥാടന കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. യാത്രാമദ്ധ്യേ ഭൂരിപക്ഷം പേരും പ്രഥമിക കാര്യങ്ങൾ നിർവഹിക്കാൻ സ്വകാര്യ ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റുകളെയാണ് ആശ്രയിക്കുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ ടോയ്ലറ്റുകൾ പൂട്ടിയതോടെ പ്രഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വലഞ്ഞതിലേറെയും സ്ത്രീകളാണ്.
നവീകരണം പണിയായി
ബസ് സ്റ്റാൻഡിനുള്ളിൽ ദിവസങ്ങളായി ഇന്റർലോക്ക് കട്ടകൾ പാകുന്ന പണികൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ടോയ്ലറ്റുകളോട് ചേർന്നുള്ള ഭാഗം ചെറിയ കോൺക്രീറ്റ് ഭിത്തി കെട്ടിയശേഷമാണ് പണികൾ നടത്തുന്നത്. ഈ കെട്ടിനോട് ചേർന്നാണ് ടോയ്ലറ്റുകളിൽ നിന്നും എത്തുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ടാങ്കും ഇത് നിറഞ്ഞാൽ ഓഫർഫ്ലോവഴി പൈപ്പിലൂടെ മറ്റൊരു ടാങ്കിലേക്കും മാലിന്യങ്ങൾ ഒഴുകിപ്പോകേണ്ടത്. കോൺക്രീറ്ര് കെട്ട് വന്നതോടെ ടാങ്ക് നിറയുകയും ഓവർഫ്ലോവഴി മാലിന്യം ഒഴുകേണ്ട പൈപ്പ് അടയുകയും ചെയ്തു. ഈ പൈപ്പിലെ തടസം മാറ്റി ശുചീകരിക്കാൻ കഴിയാത്തതാണ് നിലവിലുള്ള പ്രശ്നത്തിന് കാരണം.
തർക്കത്തിനൊടുവിൽ പൂട്ടുവീണു
ബസ് സ്റ്റാൻഡിലെ പണികൾ ആരംഭിച്ചപ്പോൾതന്നെ പൈപ്പുകളും ടാങ്കുകളും ഉള്ളഭാഗം നവീകരിക്കുവാനും ഇവ അടിയന്തര സാഹചര്യത്തിൽ വൃത്തിയാക്കുവാൻ പറ്റുന്ന വിധം ക്രമീകരിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ ഇത്തരം പ്രവർത്തികൾ നടത്തേണ്ടത് ടോയ്ലറ്റുകൾ എടുത്തിട്ടുള്ള കോൺട്രാക്ടറാണെന്ന് നഗരസഭയും പ്രവർത്തികൾ ചെയ്യേണ്ടത് നഗരസഭയാണെന്ന് കോൺട്രാക്ടറും നിലപാടെടുത്തു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകതിരുന്നതോടെ ടോയ്ലറ്റുകളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധമായി. ഇതോടെയാണ് ടോയ്ലറ്റുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയായത്.
..............................
നഗരസഭയും കോൺട്രാക്ടറും നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമാണ്. ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പ്രാഥമിക കാര്യങ്ങൾക്ക് ഓട്ടോവിളിച്ച് അടുത്തുള്ള ഹോട്ടലുകളിലോ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലോ പോകേണ്ട ഗതികേടിലാണ്. വിഷയത്തിൽ അടിയന്തരമായി ഭരണകർത്താക്കൾ ഇടപെടണം.
ഐശ്വര്യാ ലക്ഷ്മി,
)യാത്രക്കാരി)