chennithala

പത്തനംതിട്ട: കഴിഞ്ഞ മൂന്ന് മാസമായി മുഖ്യമന്ത്രി സി.എ.എ എന്നുപറഞ്ഞു നടക്കുന്നത് വോട്ടുതട്ടാനുള്ള തന്ത്രം മാത്രമാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ സി.എ.എ അടക്കം നരേന്ദ്രമോദി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള ഭരണവിരുദ്ധ വികാരം കാരണം കേരളത്തിൽ 20 സീറ്റുകളിലും യു.ഡി.എഫിന് വിജയം ഉറപ്പായ ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് വിറളിപിടിച്ചിരിക്കുകയാണ്. കേരളത്തിലേക്ക് രാഹുൽ ഗാന്ധി ഒളിച്ചോടി വന്നതല്ല. വയനാട്ടിലേക്ക് ക്ഷണിച്ചു വരുത്തിയതാണ്. നരേന്ദ്രമോദിയെ പ്രീതിപ്പെടുത്താനാണ് രാഹുലിനെയും കോൺഗ്രസിനെയും മുഖ്യമന്ത്രി നിരന്തരം വിമർശിക്കുന്നത്. പിണറായിയും മോദിയും ഭായി ഭായിമാരാണ്. ബി.ജെ.പിയുടെ ഗുഡ് ബുക്കിൽ ഇടം പിടിച്ചയാളാണ് പിണറായി വിജയൻ. അതിനാലാണ് സ്വർണക്കടത്തിലും മാസപ്പടിയിലും അന്വേഷണം ഇല്ലാത്തത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രമേശ് ചോദിച്ചു.
പിടിക്കപ്പെട്ട കള്ളനെപോലെയാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഒരിടത്തും മുഖ്യമന്ത്രിയോ, മന്ത്രിമാരോ സർക്കാരിന്റെ നേട്ടങ്ങൾ പറയുന്നില്ല. കൃഷിമന്ത്രിക്കടക്കം മന്ത്രിമാർക്ക് ഇപ്പോൾ ജോലി അനൗൺസ്‌മെന്റാണ്. ജനവിരുദ്ധ സർക്കാരിനെ കുറിച്ച് ജനം ഓർക്കുമെന്നതിനാലാണ് പിണറായി മന്ത്രിമാരെ പ്രസംഗിക്കാൻ വിടാത്തത്. ഇനി സ്റ്റേജ് കെട്ടുന്ന ജോലിയാണ് ഇവരെ കാത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. രാജ്യത്ത് ഇന്ത്യാസഖ്യം അധികാരത്തിലെത്തുമെന്നും അതിനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.