മല്ലപ്പള്ളി : ചാലപ്പള്ളി കവലയിലും സമീപത്തെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കവലയ്ക്ക് സമീപവും, ചെറിയ കുന്നം, കുടക്കല്ല്, അറഞ്ഞിയ്ക്കൽ, പോത്രക്കുളം അത്യാൽ എന്നിവിടങ്ങളിലാണ് ജനങ്ങൾക്ക് ഭീഷണിയായി ഇവ മാറിയിരിക്കുന്നത്. പകൽ സമയങ്ങളിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിലും മറ്റും വിശ്രമിക്കുന്ന ഇവ നേരം പുലരുന്ന സമയങ്ങളിലും, സന്ധ്യയോടെയുമാണ് റോഡുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും ഇറങ്ങുന്നത്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരെ പിന്തുടർന്ന് നായ്ക്കൾ പലപ്പോഴും അക്രമിക്കാറുണ്ട്. തെരുവുനായ്ക്കൾ കൂട്ടമായെത്തി വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട് .കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്ത് പ്രദേശത്തെ പല വീടുകളിലും വളർത്തിയിരുന്ന ആട്, മുയൽ, കോഴി എന്നിവയെ ഇവ കടിച്ചു കീറിയ സംഭവങ്ങൾ ഒട്ടേറെയാണ്.വഴിയിൽ തള്ളുന്ന മാലിന്യങ്ങളാണ് പ്രദേശത്ത് തെരുവുനായ്ക്കളുടെ വർദ്ധനയ്ക്കും ആക്രമണത്തിനും കാരണം. ഇരുട്ടിന്റെ മറവിൽ കുടക്കല്ല് പാലത്തിന് സമീപവും, ക്ഷേത്രക്കുളത്തിനും ചാലാപ്പള്ളിക്കും ഇടയിലായിട്ടുള്ള ആൾതാമസം ഇല്ലാത്ത പ്രദേശങ്ങളിലാണ് കൂടുതലായും മാലിന്യങ്ങൾ തള്ളുന്നത്. ചിലർ ഭക്ഷണപദാർത്ഥങ്ങളും മറ്റും എത്തിച്ചു നൽകുന്നതാണ് ഇവയുടെ ശല്യം രൂക്ഷമാകാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. സൈക്കിളിനും സ്കൂട്ടറിനും പിന്നാലെ ഓടുക, പ്രഭാത സവാരി നടത്തുന്ന കാൽനടക്കാരുടെ മേൽ ചാടി വീഴുക എന്നിവ പതിവാണ്. കഴിഞ്ഞ ദിവസം സ്കൂട്ടറിന് മുൻപിൽ തെരുവുനായ ചാടിയതിനെ തുടർന്ന് കൊറ്റൻകുടി സ്വദേശിയായ ബൈക്ക് യാത്രക്കാരന് വീണു പരിക്കേറ്റിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യവും വർദ്ധിച്ചിട്ടുണ്ട്.
........................
തെരുവുനായ്ക്കളുടെ ശല്യം ദൈനംദിനം വർദ്ധിച്ച് വരുകയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
(പ്രദേശവാസി)