തിരുവല്ല : അടുത്തകാലത്ത് നവീകരിച്ച തോട്ടഭാഗം - പായിപ്പാട് റോഡിൽ മാലിന്യം തള്ളൽ പതിവായി. കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനം പഴയ പഞ്ചായത്ത് ഓഫീസ് പടിക്കലാണ് വഴിനീളെ മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് ചാക്കിലും കവറുകളിലും മാലിന്യങ്ങൾ മൂടിക്കെട്ടിയ നിലയിലാണ്. രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നതാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസം കുറവുള്ള റബർ തോട്ടങ്ങൾക്ക് സമീപമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇതുവഴി പോകാനാവില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. റോഡിന്റെ ചിലഭാഗങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ക്യാമറ ഇല്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് കൂടുതൽ അവസരമായിട്ടുണ്ട്. ചില ഫ്‌ളാറ്റുകളിലും ഹോട്ടലുകളിലും മാലിന്യ സംസ്‌ക്കരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാത്തതും മാലിന്യ തള്ളൽ വ്യാപകമാകാൻ കാരണമായിട്ടുണ്ട്. വഴിനീളെ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ നിയമം ഉണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ പരിശോധന കർശനമാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.