ചെങ്ങന്നൂർ: നവകേരള സദസിലുണ്ടായ പ്രഖ്യാപനം ഫലം കണ്ടില്ല. റേഷൻ കടകൾ വഴിയുള്ള 10 രൂപ നിരക്കിൽ ഹില്ലി അക്വാ കുടിവെള്ള വിതരണ പദ്ധതിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ ഉൽപാദിപ്പിക്കുമെന്ന കുടിവെള്ളം 10രൂപ നിരക്കിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ചത്. പൊതുവിപണിയിൽ 15മുതൽ 20 വരെ വിലയുളള കുപ്പിവെള്ളമാണ് 10 രൂപയ്ക്ക് റേഷൻ കടകളിലൂടെ വിതരണം ചെയ്യാനിരുന്നത്. ശബരിമല സീസൺ മുന്നിൽ കണ്ട് ആദ്യഘട്ടമായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഡിസംബർ മാസത്തോടെ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. റേഷൻ കാർഡുടമകൾക്ക് പുറമേയുള്ളവർക്കും കുടിവെള്ളം വിൽക്കാനും പദ്ധതി ഇട്ടിരുന്നു. എന്നാൽ പ്രാരംഭഘട്ട പ്രവർത്തനം പോലും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല.

വിപണന സാദ്ധ്യത കുറവെന്ന് ഭക്ഷ്യോപദേശക സമിതി

റേഷൻ കടയുടമകൾക്ക് എട്ട് രൂപ നിരക്കിൽ നൽകുന്ന കുപ്പിവെള്ളം ഉപഭോക്താക്കൾക്ക് 10രൂപയ്ക്ക് വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. ഇതിലൂടെ വ്യാപാരികൾക്ക് രണ്ട് രൂപ കമ്മിഷനായി ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. പദ്ധതിക്കായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെയാണ് പ്രഖ്യാപനം നടത്തിയത്. നിശ്ചിത സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന റേഷൻ കടകളിലൂടെ കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന്റെ അപ്രായോഗികത റേഷൻ വ്യാപാരികളുൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. റേഷൻ കടകളിൽ ഏറിയ പങ്കും പ്രവർത്തിക്കുന്നത് ഗ്രാമീണ മേഖലയിലായതിനാൽ അവിടെയെല്ലാം കുപ്പിവെള്ളത്തിന് വിപണന സാദ്ധ്യത കുറവാണെന്ന് ഭക്ഷ്യോപദേശക സമിതി അറിയിച്ചിരുന്നു. ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ കുപ്പിവെള്ളം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉടമകൾ അറിയിച്ചിരുന്നു.

.......................

ഹില്ലിഅക്വാ കുടിവെള്ള വിതരണ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല. 10രൂപയ്ക്ക് വെള്ളം കൊടുക്കാൻ ബുദ്ധിമുട്ടാണ്.

അനിൽ

(വ്യാപാരി)

.........

റേഷൻ കടകളിൽ വിതരണം ചെയ്യാനിരുന്നത് 10 രൂപ നിരക്കിൽ