അടൂർ:കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതിയെയും ഭർത്താവിനെയും കുടുംബത്തെയും സി.പി.എം,ഡി.വൈ. എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി. ശൂരനാട് കൈലാസത്തിൽ അനിത(39), ഭർത്താവ് ലതീഷ്(46), അനിതയുടെ അച്ഛൻ രവി, ലതീഷിന്റെ അച്ഛൻ സദാശിവൻ എന്നിവർക്കാണ് പരിക്കേറ്റത്. അനിതയുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. മറ്റുള്ളവർക്കെല്ലാം കാലിലും കൈയ്ക്കുമാണ് പരിക്ക്. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം.തെങ്ങമം ലോക്കൽ സെക്രട്ടറി അനു ചന്ദ്രൻ, പഞ്ചായത്തംഗം വിനീഷ് (അപ്പുണ്ണി), മുൻ പഞ്ചായത്തംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന ദിൻ രാജ്, ശ്യാം എന്നിവർക്കെതിരെ അടൂർ പൊലീസിൽ പരാതി നൽകി. തെങ്ങമത്ത് തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. തെങ്ങമം അഗ്രിക്കൾച്ചറൽ ഫാർമേഴ്സ് സൊസൈറ്റി പ്രവർത്തിക്കാൻ വേണ്ടി രണ്ടു വർഷം മുൻപ് അനിതയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കടമുറിയായിരുന്നു വാടകയ്ക്ക് നൽകിയിരുന്നത്. എന്നാൽ സൊസൈറ്റി പ്രവർത്തിക്കുകയോ വാടക നൽകുയോ ചെയ്തിരുന്നില്ല എന്ന് പരാതിയിൽ പറയുന്നു. എസ്.ബി.ഐയുടെ കസ്റ്റമർ സർവീസ് സംബന്ധിച്ച ഓഫീസ് തുടങ്ങുന്നതിനായി ഇന്റർനെറ്റ് കണക്ഷൻ നൽകാൻ വേണ്ടി അനിത കടമുറി തുറന്നിരുന്നു. ഇതിൽ പ്രകോപിതരായ സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അതിക്രമിച്ചു കയറി മർദ്ദിച്ചതായാണ് പരാതി. എന്നാൽ ആരെയും തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നും ,കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ കാണാതായതായും ഫർണിച്ചറുകളും രേഖകളും കടയുടമ കൊണ്ടുപോയെന്നും ആരോപണ വിധേയരായവർ പറയുന്നു. ഇതു സംബന്ധിച്ച് അടൂർ ഡിവൈ.എസ്.പി.ക്ക് സൊസൈറ്റി സെക്രട്ടറി ദിൻ രാജ് പരാതി നൽകി.