കോന്നി: അപകടത്തെ തുടർന്ന് നിറുത്തിയിട്ടിരുന്ന കാറിൽ കയറി മോഷണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മുറിഞ്ഞകല്ലിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ കയറി മോഷണം നടത്തിയ കോന്നി തെങ്ങും മൂട് പീടികയിൽ ആസിഫ് അലി ( 23 ) ആണ് പിടിയിലായത്. മുറിഞ്ഞകൽ സുനിൽ ഭവനത്തിൽ സുനിലും കുടുംബവും കോന്നിയിൽ നിന്ന് ഇന്നലെ വൈകിട്ട് 6 :30ന് മുറിഞ്ഞകല്ലിലേക്ക് വരുമ്പോൾ മുറിഞ്ഞകൽ ജംഗ്ഷന് സമീപം വച്ച് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. തുടർന്ന് കാർ റോഡരികിൽ നിറുത്തിയിട്ട ശേഷം യാത്രക്കാർ വീട്ടിലേക്ക് പോയി. രാത്രി അതുവഴി വന്ന പൊലീസിന്റെ നൈറ്റ് പെട്രോളിങ് സംഘം കാറിനുള്ളിൽ ഒരാൾ ഇരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷ്ടാവാണെന്ന് മനസിലായത്. കാറിൽ നിന്ന് സ്റ്റീരിയോ ഇയാൾ ഇളക്കി മാറ്റിയിരുന്നു.