bridge-
ഇലവുങ്കൽ അർത്തിനാൽ പടി റോഡിലെ പാലം പണി മുടങ്ങിയ നിലയിൽ

കോന്നി: പഴയ പാലം പെളിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും പുതിയ പാലത്തിന്റെ നിർമ്മാണം ഇഴയുന്നു. ഇതുമൂലം യാത്രാ സൗകര്യമില്ലാതെ കലഞ്ഞൂർ പഞ്ചായത്തിലെ അർത്തനാൽ, കീച്ചേരി, കൊന്നലയ്യം, പൂവണ്ണാൽ, വലിയകോൾ, കുടപ്പാറ പ്രദേശങ്ങളിലുള്ളവർ ബുദ്ധിമുട്ടുന്നു. കലഞ്ഞൂർ ഇലവുന്താനം - അർത്തനാൽ പടി റോഡിലെ പാലമാണ് പൊളിച്ചിട്ടിരിക്കുന്നത്. നിരവധിപേ‌ർ പതിവായി ഉപയോഗിച്ചിരുന്ന വഴിയാണ് ഇതോടെ അടഞ്ഞത്. ഇപ്പോൾ നാട്ടുകാർക്ക് കലഞ്ഞൂരിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ് . വലിയ വാഹനങ്ങൾക്ക് സ ഞ്ചരിക്കാൻ പറ്റുന്ന രീതിയിൽ പുതുക്കിപ്പണിയാനാണ് പാലം പൊളിച്ചത്. ഇപ്പോൾ യാത്രാ സൗകര്യമില്ലാതെ 12-ാം വാർഡ് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാലം പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് 2023 മാർച്ച് 16 ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫീസിന് മുമ്പിൽ ധർണ നടത്തിയിരുന്നു. തുടർന്ന് പുതിയ പാലത്തിന്റെ പണി ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിൽ വാർപ്പ് കഴിഞ്ഞെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകൾകൂടി പൂർത്തിയായെങ്കിൽ മാത്രമെ പാലം ഉപയോഗിക്കാൻ പറ്റു . അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.