
തിരുവല്ല: കാർ യാത്രക്കാരനായ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയരികിൽ ഉപേക്ഷിച്ചു. തൃശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് (23) നാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ ആറിന് കവിയൂർ മാകാട്ടി കവലയിൽ റോഡിൽ കിടന്ന ശരത്തിനെ സമീപവാസികളാണ് കണ്ടത്. കാർ അടിച്ചുതകർത്തശേഷം ഇവിടെ ഉപേക്ഷിച്ചിരുന്നു. അവശനിലയിൽ കിടന്ന ശരത്തിനെ നാട്ടുകാർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി 10ന് പായിപ്പാട്ടു നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത്തിനെ കാർ തടഞ്ഞുനിറുത്തിയശേഷം നാലംഗസംഘം അതേ കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മർദ്ദിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു. ഗുണ്ടാനേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്ന് ശരത് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മാന്താനം സ്വദേശി സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയുടെ ഡ്രൈവറാണ് ശരത്. മണ്ണ് മാഫിയകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും തിരുവല്ല എസ്.എച്ച്.ഒ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.