പത്തനംതിട്ട : പാർലമെന്റ് തിരഞ്ഞെടുപ്പിൽ വ്യാപകമായ തോതിൽ കള്ളവോട്ടുകൾ നടത്തുന്നതിനുവേണ്ടി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കുന്നതിന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടപടികൾ നടക്കുന്നതായി യു.ഡി.എഫ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സ്ഥലത്തില്ലാത്തവരുടെയും തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുവാൻ കഴിയാതെ രോഗബാധിതരായി കിടക്കുന്ന ആളുകളുടെയും പേരിൽ വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമ്മിച്ച് ഒരു ലക്ഷം വോട്ട് ചെയ്യുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി യു.ഡി.എഫിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ഈ ഘട്ടത്തിൽ ജില്ലാ വരണാധികാരിയെന്നുള്ള നിലയിൽ സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടു പോയവരുടെയും ഇപ്പോൾ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ളവരുടെയും ലിസ്റ്റ് ബി.എൽ.ഒ മാർ വഴി നേരത്തെ സമാഹരിക്കുകയും അതാത് പോളിംഗ് സ്റ്റേഷനുകളിൽ അത് എത്തിക്കുകയും മുഴുവൻ ലിസ്റ്റുകൾ ജില്ലാ വരണാധികാരിയുടെ പക്കൽ ഉണ്ടാകുന്നതിനുമുള്ള അടിയന്തര നടപടികൾ
സ്വീകരിക്കുകയും വേണം. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴംകുളം മധു , ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.