മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിൽ കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടവും പരിസരവും കാട് മൂടി നശിക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ ആദ്യകാലത്ത് കുടുംബാരോഗ്യ കേന്ദ്രമായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററായി മാറിയ കെട്ടിടം ഇന്ന് പൂർണമായി തകർന്ന നിലയിലാണ്. സമീപവാസികൾ ഇഴജന്തുക്കളെയും കാട്ടു പന്നിയെയും ഭയന്ന് ജീവിക്കേണ്ട സ്ഥിതിയിലാണ്. ഗ്യാലക്സി നഗർ -ചരലുംമൂട്ടിൽകടവ് റോഡിൽ ഗ്യാലക്സി നഗറിനോടു ചേർന്നുള്ള കെട്ടിടത്തിലുംപരിസരത്തുമാണ് കാടുമൂടി വനത്തിന്സമാനമായി നിലകൊള്ളുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപുവരെ കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം അനാഥമായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. 2000 മുതൽ 7 വർഷത്തോളം 126-ാം അങ്കണവാടിയും പ്രവർത്തിച്ചിരുന്നു. ഓടുമേഞ്ഞ കെട്ടിടം ശോച്യാവസ്ഥയിലായതിനാൽ അങ്കണവാടിയും പിന്നീട് സമീപത്തെ വായനശാലയുടെ അടുത്ത കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. കെട്ടിടം ഇപ്പോൾ കൂടുതൽ നാശോന്മുഖമായി.വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുകയാണ്. കെട്ടിട പരിസരത്ത് കാടിനൊപ്പം മരങ്ങളും വളർന്നു പന്തലിച്ചു. ഇഴജന്തുകളുടെ കാട്ടു പന്നികളുടെയും താവളമാണ് ഇവിടം. 28 സെന്റ് സ്ഥലത്താണ് കാട് വ്യാപിച്ചിരിക്കുന്നത്. കാടുവെട്ടിത്തെളിച്ച് ജനങ്ങളുടെ ഭീതിമാറ്റാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ പുതിയ കെട്ടിടം നിർമ്മിച്ച് ആശുപത്രിയുടെയോ സബ് സെന്ററിന്റെയോ പ്രവർത്തനം ആരംഭിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുമെന്ന ആവശ്യവും ശക്തമാണ്.
............................................
ഇന്ന് റോഡുകൾ ഉന്നത നിലവാരത്തിൽ എത്തിയിട്ടും ആശുപത്രിക്കായി കെട്ടിടം നിർമ്മിക്കുന്നതിനോ, സർക്കാർ ഭൂമിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നനോ നടപടി അധികൃതർ സ്വീകരിച്ചിട്ടില്ല. ഇത് സ്വകാര്യ വെക്തിയുടെ ഭൂമിയായിരുന്നെങ്കിൽ അധികൃതരുടെ നിലപാട് മറ്റൊന്നാകുമായിരുന്നു.
മോഹനൻ എം.സി.
(പ്രദേശവാസി)
.........
1. 28 സെന്റ് സ്ഥലം കാടുപിടിച്ചുകിടക്കുന്നു
2 . കാട്ടുപന്നികളുടെ താവളം
3. കെട്ടിടം പൊളിക്കണമെന്ന ആവശ്യം ശക്തം