അടൂർ : ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും പുതുവാക്കൽ ഏലായിൽ വൻകൃഷിനാശം. മയ്യനാട് ഡി മുരളിയുടെ കുടംവന്ന 125 ൽപരം ഏത്തവാഴ പൂർണമായി ഒടിഞ്ഞു വീണു . കൂടാതെ ചേന്ദുകുളത്ത് അനീഷ് എന്ന കർഷകന്റെ നൂറിൽപ്പരം ഏത്ത വാഴകളും, വെറ്റക്കൊടിയും മറ്റ് കൃഷികളും നശിച്ചു. ഇന്നലെ വിപണിയിൽ കിലോയ്ക്ക് 80 രൂപ വരെ നാടൻ വാഴക്കുലയ്ക്ക് ഉണ്ടായിരുന്ന സമയത്താണ് വ്യാപകമായ നഷ്ടം ഉണ്ടായത്. രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കേണ്ട വാഴകളാണ് ഒടിഞ്ഞുവീണവയിൽ കൂടുതലും. കഴിഞ്ഞ വർഷത്തെ വില വച്ചു നോക്കിയാൽ ഇത്തവണ കിലോയ്ക്ക് 80നും 90 നും ഇടയിൽ വരുമെന്നാണ് കർഷകരുടെ കണക്ക് കൂട്ടൽ. അനീഷിന്റെ വാഴക്കൃഷി ഒരു മാസം മുൻപ് അടിച്ച കാറ്റിലും നശിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കൃഷികൾ ഇൻഷുറൻസ് ചെയ്തിട്ടും നാശനഷ്ടം സംഭവിച്ചവയുടെ നഷ്ടപരിഹാരം ഇത് വരെയും ലഭിച്ചിട്ടില്ലെന്ന് ഇവർ പരാതി പറയുന്നു. ആ നിരാശയിൽ ഇത്തവണ മുരളിയും അനീഷും ഇൻഷുറൻസ് പുതുക്കാത്തത് തിരിച്ചടിയായിട്ടുണ്ട്. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരം ആയിരിക്കും കർഷകർക്ക് ഇനിയുള്ള ഏക ആശ്വാസം.