
പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ പാടില്ല. പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും മണ്ഡലത്തിനു പുറത്തുപോകണം. നാളെ നിശബ്ദ പ്രചാരണശേഷം 26ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
ഇന്ന് വൈകിട്ട് ആറു മുതൽ 27 പുലർച്ചെ ആറുവരെ 144 പ്രഖ്യാപിച്ചു
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറു മണി മുതൽ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു വരെ ( 27 രാവിലെ ആറു മണി) പത്തനംതിട്ട ജില്ലയിൽ 144 പുറപ്പെടുവിച്ചു. നിശബ്ദ പ്രചാരണ വേളയിലെ വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മദ്യനിരോധനം ഏർപ്പെടുത്തി
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം ആറു മുതൽ വോട്ടെടുപ്പ് ദിവസമായ 26 ന് വൈകുന്നേരം ആറു വരെ ജില്ലയിൽ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. രണ്ട് ദിവസം (48 മണിക്കൂർ) ആണ് ജില്ലയിൽ മദ്യവിൽപ്പന ശാലകൾ അടച്ചിടുക. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.
26ന് അവധി
വോട്ടെടുപ്പ് ദിനമായ 26ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
അവലോകന യോഗം ഇന്ന്
പത്തനംതിട്ട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ഇന്ന് അവലോകനയോഗം ചേരും. ഉച്ചയ്ക്ക് 12 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം. എല്ലാ സ്ഥാനാർത്ഥികൾ/ തിരഞ്ഞെടുപ്പ് ഏജന്റുമാർ, ജില്ലാ പൊലീസ് മേധാവി, എ.ഡി.എം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഫിനാൻസ് ഓഫീസർ, ട്രെയ്‌നിംഗ് നോഡൽ ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും.