പത്തനംതിട്ട : പത്തനംതിട്ട - താഴൂർകടവ് റോഡിൽ അഴൂർ ഭാഗത്തായി സ്ഥാപിച്ച റിഫ്ളക്ടർ തൂണുകൾ മൂലം റോഡിന് വീതി കുറഞ്ഞെന്ന പരാതിയുമായി സമീപവാസികൾ. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ പി.ഡബ്ല്യൂ.ഡിയാണ് റോഡിൽ റിഫ്ളക്ടർ തൂണുകൾ സ്ഥാപിച്ചത്. ഇത് 10 മീറ്റർ വീതി ഉണ്ടായിരുന്ന റോഡിന് 7മീറ്ററോളം വീതി കുറയുന്നതിന് കാരണമായി. വലിയ വാഹനങ്ങൾ ഇരുവശത്തു നിന്നും എത്തിയാൽ കടന്നുപോകുന്നത് ഇപ്പോൾ ബുദ്ധിമുട്ടിയാണ്. വഴിയരികിൽ തന്നെ കച്ചവടസ്ഥാപനങ്ങൾ ഉള്ളതിനാൽ വാഹനങ്ങൾ വശത്തായി പാർക്ക് ചെയ്യേണ്ടി വരും. എന്നാൽ വീതിക്കുറവ് മൂലം ഇതിനു കഴിയാതെ വരും. വർഷങ്ങൾക്ക് മുമ്പാണ് റോഡിന്റെ വീതി 10മീറ്റർ ആയി കൂട്ടിയത്. ഓടയ്ക്ക് മൂടി ഇട്ട് അതിനു മുകളിൽ റിഫ്ളക്ടർ വച്ച് പ്രശ്നം പരിഹരിക്കണമെന്ന് അഴൂർ സ്വദേശി കെ.ആർ .സുരേന്ദ്രൻ പറഞ്ഞു.