കോന്നി; മദ്ധ്യവേനലവധി ക്കാലത്ത് കുട്ടികൾ വാഹനങ്ങൾ സ്വയം ഓടിക്കാനും ഓടിച്ചുപഠിക്കാനും ശ്രമിക്കുന്നത് വർദ്ധിക്കുന്നു. ഇതുമൂലം അപകട സാദ്ധ്യതയേറെയാണ്. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കുക എന്നത് ഡ്രൈവിങ്ങിലെ അടിസ്ഥാന തത്വമാണ്. മനസും ശരീരവും പക്വതയെത്താത്ത കുട്ടികൾ സ്വയം വാഹനമോടിച്ച് പരിശീലിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് . പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്‌കൂട്ടറുകളും ബൈക്കുകളും കാറുകളും ഓടിക്കുന്നത് മിക്ക രക്ഷിതാക്കളും തടയുന്നുമില്ല. പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധനകളും ട്രാഫിക് ക്യാമറകളും കുറവുള്ള നാട്ടിൻപുറത്തെ റോഡുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിക്കപ്പെടാതെ പോവുകയാണ് . പ്രായപൂർത്തിയാവാത്ത കുട്ടികൾ ഇത്തരത്തിൽ ഒറ്റയ്ക്കും സംഘം ചേർന്നും വാഹനങ്ങൾ ഓടിക്കുകയും ഡ്രൈവിങ് പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കൂടിവരികയാണ്.

ഇൻഷുറൻസ് ഇല്ലാത്തതിനാൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് ഉണ്ടാകുന്ന വാഹനാപകടങ്ങൾ വലിയ നിയമ പ്രശനങ്ങൾ ആണ് സൃഷ്ടിക്കുക. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വൈറലാകാൻ ഇറങ്ങുന്ന നിരവിധി കുട്ടികളുമുണ്ട് .

കുട്ടിക്കളിയല്ല

സെക്ഷൻ 199 എ പ്രകാരം കുട്ടികൾ ചെയ്യുന്ന കുറ്റത്തിന്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ വാഹന ഉടമയോ ആണ് വരിക. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം രക്ഷിതാവിന് അല്ലെങ്കിൽ വാഹന ഉടമയ്ക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും.വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിങ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.