അടൂർ : ഏനാത്തെ ജനകീയ ഹോട്ടൽ പ്രവർത്തിക്കാതായിട്ട് രണ്ടരമാസം. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്തതും സബ്സിഡി മുടങ്ങിയതും മൂലമാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. സർക്കാരിന്റെ സബ്‌സിഡി മുടങ്ങിയിട്ട് മാസങ്ങളായി. ഏറെ ബുദ്ധിമുട്ടി ജീവനക്കാർ ഹോട്ടൽ മുന്നോട്ടുകൊണ്ടുപോയെങ്കിലും വെള്ളം ലഭിക്കാതായതോടെ പൂർണമായും പ്രതിസന്ധിയിലായി. വാട്ടർ അതോറിട്ടിയുടെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വെള്ളത്തിനായി പഞ്ചായത്ത് കുഴൽക്കിണർ നിർമ്മിച്ചിട്ടുണ്ടെങ്കിലും മോട്ടോർ സ്ഥാപിച്ചിട്ടില്ല. ഏഴംകുളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് ഹോട്ടൽ നടത്തിയിരുന്നത്. നാല് ജീവനക്കാരും വനിതകളാണ്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉള്ള സൗകര്യം ഇവിടെയില്ല.
കനത്ത മഴയിലും കാറ്റിലും മുൻ ഭാഗത്തെ ഗ്ലാസ് പൊട്ടിയത് മാറ്റിസ്ഥാപിച്ചിട്ടില്ല.
പ്രതിസന്ധികൾ മൂലം ഇടയ്ക്കിടെ ഹോട്ടൽ അടച്ചിടുന്നതോടെ ആളുകൾ മറ്റ് കടകളിലേക്ക് പോയിത്തുടങ്ങി. വീണ്ടും തുറന്നാലും പഴയ കച്ചവടം ലഭിക്കുമോയെന്ന് ആശങ്കയുണ്ട്. ചെറിയ വിലയ്ക്ക് ഭക്ഷണം ലഭിച്ചിരുന്ന ഹോട്ടൽ വീണ്ടും തുറന്നാൽ സാധാരണക്കാർക്ക് ആശ്വാസമാകുമെന്ന് നാട്ടുകാർ പറഞ്ഞു.
ഹോട്ടൽ പ്രവർത്തിക്കാതായതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. അടഞ്ഞുകിടക്കുന്ന ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്രിൽ തകർത്താണ് സാമൂഹ്യവിരുദ്ധർ അകത്തുകയറിയത്. പൊലീസ് ഇടപെട്ടെങ്കിലും ഇപ്പോഴും രാത്രികാലങ്ങളിൽ ചിലർ ഇതിനുള്ളിൽ കയറി കിടക്കാറുണ്ട്.
----------------------
വെള്ളം ഏത്തിക്കാൻ കുഴൽ കിണറിൽ മോട്ടോർ ഉടൻ സ്ഥാപിക്കും. അറ്റകുറ്റപ്പണി നടത്തി ഹോട്ടൽ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ്.
അഡ്വ. എ താജുദീൻ
വാർഡ് മെമ്പർ
-----------------------