മല്ലപ്പള്ളി : പുറമറ്റം, കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകൾ ഉന്നത നിലവാരത്തിലാക്കിയിട്ടും ബസ് സർവീസ് തുടങ്ങാത്തത് ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം ഇരട്ടിക്കുന്നു. കല്ലൂപ്പാറ പഞ്ചായത്തിലെ പടുതോട് തുണ്ടിയംകുളം, തുണ്ടിയംകുളം-കോമളം, കല്ലൂപ്പാറ - കടമാൻകുളം , ശാസ്താങ്കൽ - ചെങ്ങരൂർ, കല്ലൂപ്പാറ കറുത്തവടശേരിക്കടവ്-കോമളം എന്നീ റോഡുകളും പുറമറ്റം പഞ്ചായത്തിലെ കവുങ്ങും പ്രയാർ പാട്ടക്കാല, മല്ലപ്പള്ളിപഞ്ചായത്തിലെ മൂശാരിക്കല-പരിയാരം റോഡുകളും ബി.എം.ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും യാത്രാ ക്ലേശം രൂക്ഷമാണ്. കളക്ഷൻകുറവായതിനാൽ സർവീസുകൾ പലതും നിലച്ചു.ഒന്നിലേറെ കെ.എസ്ആർ.ടി.സി ബസുകളും സർവീസ് നടത്തിയിരുന്ന റോഡുകളുണ്ട്. കോമളം പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കോഴഞ്ചേരി, കുമ്പനാട്, ചെങ്ങന്നൂർ മേഖലകളിലേക്കു ബസ് സർവീസ് റൂട്ട് നൽകുന്നതിനുള്ള നടപടിയെടുത്താൽ യാത്ര ദുരിതത്തിന് പരിഹാരമാകും. കോമളം, തുണ്ടിയംകുളം, പാലത്തുങ്കൽ, കൊല്ലുമലപ്പടി, കടമാൻകുളം, ശാസ്താങ്കൽ, ചെങ്ങരൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി സർക്കുലർ സർവീസ് വേമെന്ന ആവശ്യവും ശക്തമാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.